രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിത്തം നിര്‍ത്തിപ്പോകുന്നവരില്‍ മുന്നില്‍ കീഴാള സമുദായക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് കരസ്ഥമാക്കുക ബുദ്ധിമുട്ടുളള കാര്യമാണ്. ഒരുപാട് കടമ്പകള്‍ മറികടന്നാണ് പലരും ഈ നേട്ടം കൈവരിക്കുന്നത്. എന്നാല്‍ അവിടെ എത്തിപ്പെട്ടിട്ടും ഇടയില്‍ പഠിത്തം നിര്‍ത്തിപ്പോകുന്നവരില്‍ കീഴാള വിഭാഗക്കാര്‍തന്നെയാണ് മുന്നില്‍. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ നടത്തിയ പഠനമാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സീറ്റുകള്‍ ലഭിച്ചതുകൊണ്ടുമാത്രമായില്ല, അവിടെ പിടിച്ചുനില്‍ക്കുന്നതിനുള്ള സാധ്യതയും പ്രധാനമാണെന്നാണ് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ പറയുന്നത്. അതിനുള്ള സംവിധാനവും അത്യാവശ്യമാണ്.
സംവരണം വഴിയാണ് പല കീഴാള വിഭാഗക്കാരും ഉയര്‍ന്ന സ്ഥാപനങ്ങളില്‍ പഠനത്തിനും ജോലിക്കുമായി ചേരുന്നത്. അതുവഴി വേണ്ടത്ര പേര്‍ക്ക് ഗുണം ലഭിക്കണമെന്നില്ല. എങ്കിലും ഇന്നും സാമൂഹിക നീതിയുടെ പ്രധാന രൂപം അതുതന്നെയാണ്. ഇന്ന് കീഴാള വിഭാഗങ്ങളുണ്ടാക്കിയ നേട്ടത്തിനു പിന്നില്‍ സംവരണം സുപ്രധാനമായ പങ്ക് വഹിക്കുന്നു.
എന്നാല്‍ സംവരണം വഴി മാത്രം എല്ലാം നേടിയെന്ന് പറയാനാവില്ല. വിവിധ സമുദായങ്ങളുടെയും സാമൂഹിക വിഭാഗങ്ങളുടെയും പൂര്‍ണമായ പിന്തുണയുണ്ടെങ്കിലേ അത് സുസാധ്യമാകൂ. ഇന്ത്യയിലെ പല സര്‍വകലാശാലകളിലും തൊഴിലിടങ്ങളിലും സംവരണം വഴി നികത്തേണ്ട ഒരുപാട് അവസരങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
പഠനമനുസരിച്ച രണ്ട് കാര്യങ്ങളാണ് വ്യക്തമായിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠനം ഇടക്കുവച്ച് നിര്‍ത്തി പുറത്തുപോകുന്നവരില്‍ മുന്നില്‍ കീഴാള വിദ്യാര്‍ത്ഥികളാണ്. സംവരണ വിഭാഗങ്ങള്‍ക്കുവേണ്ടി നീക്കവച്ച തസ്തികകള്‍ പലതും നികത്താതെ കിടക്കുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം.
ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പഠനം നിര്‍ത്തിപ്പോകുന്നവരില്‍ 63 ശതമാനവും കീഴാളരാണെന്ന് ഏതാനും നാളുകള്‍ക്കു മുമ്പ് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ വ്യാപകമായി ഇത് റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ 7 ഐഐടികളുടെ കാര്യമാണിത്. അതില്‍ തന്നെ 40 ശതമാനം എസ് സി, എസ്ടി വിഭാഗക്കാരാണ്. ചില വിദ്യാലയങ്ങളില്‍ നിന്ന് ഡ്രോപ് ഔട്ട് ആകുന്നവരില്‍ 72 ശതമാനവും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവകാശപ്പെട്ടതില്‍ പകുതി സീറ്റുകള്‍ മാത്രമേ ഈ വിഭാഗത്തില്‍ നിറയാറുള്ളുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
ഈ പ്രശ്‌നത്തെ വിദ്യാഭ്യാസ മന്ത്രി ലാഘവത്തോടെയാണ് കണ്ടത്. മറ്റ് കോഴ്‌സുകളില്‍ സീറ്റ് കിട്ടിപ്പോയതുകൊണ്ടാണ് ഡ്രോപ് ഔട്ട് ഉണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ചില സ്ഥാപനങ്ങളിലെ ഡ്രോപ് ഔട്ട് നിരക്ക് അതീവ ഗുരുതരമാണ്. ഉദാഹരണം ഗുവാഹത്തി ഐഐടി. 25 പേര്‍ ഡ്രോപ് ഔട്ടായപ്പോള്‍ 88 ശതമാനവും കീഴാള വിഭാഗക്കാരായിരുന്നു. 2018ല്‍ ഡല്‍ഹി ഐഐടിയില്‍ നിന്ന് പത്ത് പേര്‍ പഠനം നിര്‍ത്തിപ്പോയപ്പോള്‍ പത്തും കീഴാള വിഭാഗക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്തപ്പോള്‍ ഇതേ ഐഐടിയില്‍ നിന്ന് കൊഴിഞ്ഞുപോയ വിദ്യാര്‍ത്ഥികളില്‍ 76 ശതമാനവും കീഴാളരായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മദ്രാസ് ഐഐടിയില്‍ നിന്ന് പത്ത് പേര്‍ പുറത്തുപോയി. അതില്‍ ആറും എസ് സി/എസ് ടി വിഭാഗക്കാര്‍. ഒരാള്‍ പിന്നാക്കക്കാരന്‍.
നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും എസ് സി, എസ് ടി വിഭാഗക്കാര്‍ ഇപ്പോഴും വളരെ കുറച്ചേ ഈ മേഖലയിലെത്തുന്നുള്ളൂവെന്നാണ് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും പറയുന്നത്.
2018-19 കാലത്ത് ഒരു റിപോര്‍ട്ട് അനുസരിച്ച് (എഐഎസ്എച്ച്ഇ) ബിരുദ പഠനത്തിനാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം നേടിയത്. ബിരുദപഠനത്തിനു ചേര്‍ന്ന 79.8 ശതമാനം പേരില്‍ 14.9 ശതമാനം മാത്രമേ എസ് സി വിഭാഗത്തില്‍ നിന്നുണ്ടായിരുന്നുള്ളൂ. എസ് ടി വിഭാഗത്തില്‍ നിന്ന് 5.5 ശതമാനം. ബിരുദാനന്തര ബിരുദം, എംഫില്‍, പിഎച്ച്ഡി എന്നീ കോഴ്‌സുകളില്‍ സ്ഥിതി വളരെ പരിതാപകരമാണ്.
പ്രവേശന നിരക്കിന്റെ കാര്യത്തിലും എസ് സി, എസ് ടി വിഭാഗക്കാര്‍ പിന്നിലാണ്, വെറും 23.0 ശതമാനവും 17.2ശതമാനവും മാത്രം. നിരവധി സ്‌കോളര്‍ഷിപ് പദ്ധതികളുണ്ടെങ്കിലും പ്രവേശന നിരക്ക് ഇപ്പോഴും വളരെ കുറവാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ എസ് സി വിഭാഗക്കാര്‍ 14.7 ശതമാനവും എസ് ടി 5.36 ശതമാനവുമാണ്. പിന്നാക്കക്കാര്‍ 37 ശമതാനം. 5.5 ശതമാനം മുസ് ലിം, 2.3 ശതമാനം മറ്റ് ന്യൂനപക്ഷക്കാര്‍. ആദിവാസി, ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഈ രംഗത്ത് ഇപ്പോഴും അവരുടെ ജനസംഖ്യക്കാനുപാതികമായി പ്രാതിനിധ്യം ലഭിക്കുന്നില്ല.
കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടപ്പാക്കുന്ന നിരവധി പദ്ധതികളുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല.
മറ്റൊരു പ്രശ്‌നം സംവരണക്കാര്‍ക്കു നീക്കിവയ്ക്കുന്ന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതാണ്. എസ് സി , എസ് ടി, ഒബിസി, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നീക്കിവച്ച കേന്ദ്ര സര്‍വകലാശാലയിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിനു തസ്തികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടത്രേ. വിദ്യാഭ്യാസമന്ത്രി തന്നെയാണ് കണക്ക് പുറത്തുവിട്ടത്. ഇത് അധ്യാപക, അനധ്യാപക രംഗത്തെ മുഴുവന്‍ ഒന്നിച്ചെടുക്കുമ്പോഴാണോ എന്ന് മന്ത്രി തെളിച്ചുപറഞ്ഞിരുന്നില്ല.
45 കേന്ദ്രസര്‍വകലാശാലകളിലായി 4,251 പിന്നാക്ക സംവരണ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ആകെ ഒഴിഞ്ഞുകിടക്കുന്ന സംവരണ തസ്തികകള്‍ 7,815 ആണ്. 2,389 എസ് സി തസ്തികകളും 1,199 എസ് ടി തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ നമ്മുടെ സമൂഹത്തില്‍ സാമൂഹിക നീതി കൈവരിക്കാനാവൂ. അതിന് സര്‍ക്കാരിനെ മാത്രം നോക്കി നില്‍ക്കാനാവില്ല. മറിച്ച് സമുദായ, സാമൂഹ്യ, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ സഹായവും വേണ്ടിവരും. അത്തരം സഹായസംവിധാനങ്ങള്‍ ഒരുക്കുന്നതിലും അടിയന്തര ശ്രദ്ധപതിപ്പിക്കണം.