കൊവിഡ് 19: മൂന്നിലൊന്ന് തടവുകാര്‍ക്ക് അടിയന്തിര പരോള്‍ അനുവദിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാരെയാണ് അടിയന്തിര പരോള്‍ നല്‍കി പുറത്തുവിടുക.

Update: 2020-03-27 15:14 GMT

മുംബൈ: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള 11,000 തടവുകാരെ വിട്ടയക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമാണ് നടപടി. സംസ്ഥാനത്തെ മൊത്തം തടവുകാരുടെ മൂന്നിലൊന്നു വരും ഇത്. 50 ജയിലുകളിലായി 36,000 തടവുകാരാണ് മഹാരാഷ്ട്രയിലുള്ളത്. സുപ്രിം കോടതി നിര്‍ദേശത്തിന്റെ ഭാഗമായാണ് തടവുകാരെ വിട്ടയയ്ക്കുന്നത്.

ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാരെയാണ് അടിയന്തിര പരോള്‍ നല്‍കി പുറത്തുവിടുക. ശിക്ഷാതടവുകാരെയും പരിഗണിക്കുമെന്നറിയുന്നു. എന്നാല്‍ ഗുരുതരമായ രാജ്യദ്രോഹക്കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും ഉള്‍പ്പെട്ടവരെ പുറത്തുവിടുകയില്ല.

സുപ്രിം കോടതി നിര്‍ദേശിച്ചതനുസരിച്ച് രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റിയാണ് പുറത്തുവിടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. തടവുകാര്‍ സെല്ലുകളില്‍ തിങ്ങി നിറഞ്ഞിരിക്കുന്നത് കൊറോണ വൈറസിന്റെ വ്യാപനസാധ്യത വര്‍ധിപ്പിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച സുപ്രിം കോടതി കഴിയാവുന്നിടത്തോളം തടവുകാരെ വിട്ടയക്കാന്‍ നിര്‍ദേശിച്ചത്.

ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് കഴിഞ്ഞ കാലങ്ങളില്‍ പരോളിന്റെ ആനുകൂല്യം ലഭിച്ചവര്‍ക്കും ഇപ്പോഴത്തെ അടിയന്തിര പരോള്‍ ലഭിക്കും. ആദ്യം 45 ദിവസത്തേക്കായിരിക്കും പരോള്‍ അനുവദിക്കുക. വേണ്ടിവന്നാല്‍ 30 ദിവസത്തേക്കു കൂടി നീട്ടി നല്‍കും. ഇപ്പോള്‍ രാജ്യത്ത് നിലവില്‍വന്ന പകര്‍ച്ചവ്യാധി നിയമം പിന്‍വലിച്ചാല്‍ പുറത്തുവിട്ടവര്‍ തിരിച്ചുവരേണ്ടിവരും. 

അനില്‍ ദേശ്മുഖ്

 വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തടവുകാരെ അവരാവരുടെ കോടതികളില്‍ ഹാജരാക്കി ജാമ്യം നല്‍കി മോചിപ്പിക്കും. ഇതിന് ഏകദേശം ഒരാഴ്ച സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയിലെ മിക്ക ജയിലുകളും പ്രത്യേകിച്ച് പൂനെയിലെ യെര്‍വാദ സെന്‍ട്രല്‍ ജയില്‍, മുംബൈയിലെ ആര്‍തര്‍ റോഡ് ജയില്‍ തുടങ്ങിയവിടങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ നാലിരട്ടി തടവുകാരാണ് ഉള്ളത്. തടവുകാരെ വിട്ടയക്കുന്നതുവഴി ജയിലുകളിലെ ഇപ്പോഴുള്ള തിരക്ക് കുറക്കാനാവുമെന്നാണ് കരുതുന്നത്. അതേസമയം മുന്‍കാലങ്ങളില്‍ പരോള്‍ ലഭിച്ച സമയത്ത് അതിന്റെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചവര്‍ക്കു മാത്രമേ ഇത്തവണ അടിയന്തിര പരോള്‍ അനുവദിക്കുകയുള്ളൂ.

വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഈ ആഴ്ച തന്നെ തുടങ്ങിയിരുന്നു. മുംബൈയില്‍ മാത്രം നൂറോളം വിചാരണത്തടവുകാരെ വിട്ടയക്കാന്‍ ഉത്തരവായിട്ടുണ്ട്.

മുംബൈ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ സെക്രട്ടറിയായ യട്ടിന്‍ ഗേം ആണ് സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നതിനുവേണ്ടി വ്യത്യസ്ത കോടതികളെ സമീപിച്ചത്. അതേതുടര്‍ന്ന് വിട്ടയയ്ക്കുന്നതിനു പരിഗണിക്കേണ്ട കേസുകളുടെ പട്ടികയുമായി കോടതികള്‍ ഹൈപവര്‍ കമ്മറ്റിയെ സമീപിക്കുകയുമായിരുന്നു.

സാധാരണ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നതിന് ജാമ്യത്തുകയും വ്യക്തിജാമ്യവുമാണ് കോടതികള്‍ ആവശ്യപ്പെടുക. ഇത് നല്‍കാന്‍ കഴിയാത്ത പലരും ജയിലില്‍ തുടരും. ഇതൊഴിവാക്കാനാണ് തടവുകാരുടെ കൈയില്‍ നിന്ന് ബോണ്ട് ഒപ്പിട്ട് വാങ്ങി അവരെ പരോളില്‍ വിടാന്‍ തീരുമാനിച്ചത്.



എന്നാല്‍, ജാമ്യം നല്‍കി പുറത്തുവരുന്ന തടവുകാര്‍ അവരുടെ വീട്ടിലേക്ക് പോകുന്നത് എങ്ങനെ എന്നതിനെ കുറിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ലോക്ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ അവര്‍ക്ക് സ്വന്തമായി വീട്ടിലെത്താനും കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രത്യേകിച്ച് ജില്ലയ്ക്കു പുറത്തുള്ള തടവുകാര്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോവുക അസാധ്യമാകും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതാണ് ഇപ്പോഴത്തെ മറ്റൊരു പ്രതിസന്ധി.

ലീഗല്‍ സര്‍വീസ് കമ്മിറ്റി, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ജയില്‍), ജയില്‍ ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവര്‍ അടങ്ങിയതാണ് സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് സംസ്ഥാന അടിസ്ഥാനത്തില്‍ രൂപം നല്‍കിയ ഹൈപവര്‍ കമ്മിറ്റി. കഴിഞ്ഞ ബുധനാഴ്ചയാണ് കമ്മിറ്റി തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനമെടുത്തത്. 

Tags:    

Similar News