മേഖലയില്‍ മോഷ്ടാക്കള്‍ വിലസുമ്പോള്‍ മാള പോലിസ് ഇരുട്ടില്‍ തപ്പുന്നു

Update: 2022-07-12 00:47 GMT

മാള: മേഖലയില്‍ വീണ്ടും മോഷണം വ്യാപകമാകുന്നു. ഇന്നലെ അന്നമനട പാല്‍പ്പുഴ ഭാഗത്താണ് വെളിയത്ത് വീട്ടില്‍ വേണുഗോപാലന്‍ എന്നയാളുടെ വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് മേശ വലിപ്പിലുണ്ടായിരുന്ന നാല് ഗ്രാം തൂക്കം വരുന്ന സ്വര്‍ണവള മോഷണം നടത്തി. മാള പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മാള മേഖലയില്‍ അടിക്കടിയുണ്ടാകുന്ന മോഷണങ്ങളും മോഷണശ്രമങ്ങളും പെരുകുമ്പോള്‍ പോലിസ് ഇരുട്ടില്‍ തപ്പുകയാണ്. കഴിഞ്ഞ ദിവസവും മാളയില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം നടന്നിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആണ് നഷ്ടപ്പെട്ടത്. മാള കോട്ടമുറി ചക്കനാലി സരസന്റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസത്തെ മോഷണം നടന്നത്. സരസനും ഭാര്യയും ഇറ്റലിയിലാണ്. വീഡിയോ ക്യാമറ, നിരീക്ഷണ ക്യാമറയുടെ ഡി വി ആര്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ഇലക്ട്രീഷ്യന്‍ വീടിന്റെ വൈദുതി തകരാര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. വീടിന്റെ സുരക്ഷാ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ട്ടാക്കള്‍ അലമാരകള്‍ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.

മാള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണം പതിവാകുമ്പോള്‍ പ്രതികളിലേക്ക് എത്താനോ അന്വേഷണം വ്യാപകമാക്കാനോ മാള പൊലിസിന് പലപ്പോഴും കഴിയാറില്ല. മാള പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്നും കടയുടമയുടെ ശ്രദ്ധ മാറ്റി പട്ടാപ്പകല്‍ മേശവലിപ്പില്‍ നിന്നും പണം മോഷ്ടിച്ചയാളെ സംഭവം നടന്ന് വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പോലിസിന് കണ്ടെത്തായില്ലെന്ന ആക്ഷേപമടക്കമുണ്ട്.

Similar News