മാധ്യമങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണായക ശക്തികള്‍: മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ
പട്ടാമ്പി: മാധ്യമങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണായക ശക്തികളാണെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ. കേരള റിപോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍ യൂണിയന്‍ (കെആര്‍എംയു) പാലക്കാട് ജില്ലാ കമ്മിറ്റി മേലെ പട്ടാമ്പി നക്ഷത്ര റീജന്‍സിയില്‍ സംഘടിപ്പിച്ച ജില്ലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായ പുതിയ കാലത്ത് വ്യാജവാര്‍ത്തകള്‍ക്ക് പ്രചാരമേറിയ സാഹചര്യമാണുള്ളത്. അത്തരം ഘട്ടങ്ങളില്‍ വാര്‍ത്തകളുടെ സ്രോതസ്സുകളും നിജസ്ഥിതിയും കൂടുതല്‍ ആധികാരികമായി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് അറിയിക്കാനും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ആണ് കൂടുതല്‍ സാധ്യതകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ രജിസ്‌ട്രേഡ് യൂണിയനായ കെആര്‍എംയുവിന്റെ ജില്ലയിലെ പ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന കടന്നാക്രമണത്തില്‍ യോഗം പ്രതിഷേധിച്ചു. യുദ്ധം വേണ്ട എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രവര്‍ത്തകര്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കെആര്‍എംയു അംഗം കെ എ റഷീദിനെ ചടങ്ങില്‍ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍ കെ റാസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ കെ ടി പ്രദീപ് ചെറുപ്പുളശ്ശേരി, മനോജ് പുലാശ്ശേരി, യു എ റഷീദ് പാലത്തറ ഗേറ്റ്, ജിനു ചെറുപ്പുളശ്ശേരി, വിഷ്ണു കൂനത്തറ സംസാരിച്ചു.