ദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാല്‍ ആയി നിശ്ചയിച്ചു. ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായി. 2020 ലെ 17ാം നമ്പര്‍ മിനിമം വേതന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വിദേശ തൊഴിലാളിയുടെ മിനിമം വേതനം 1,000 റിയാല്‍ (ഏകദേശം 19,700 ഇന്ത്യന്‍ രൂപ) ആണ്. ഇതിനു പുറമെ ഭക്ഷണ, താമസ സൗകര്യങ്ങള്‍ തൊഴിലുടമ നല്‍കുന്നില്ലെങ്കില്‍ പ്രതിമാസം 500 റിയാല്‍ (ഏകദേശം 9,850 ഇന്ത്യന്‍ രൂപ) താമസത്തിനും 300 റിയാല്‍ (ഏകദേശം 5,910 രൂപ) ഭക്ഷണത്തിനുമായി നല്‍കണം. ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിയമം ബാധകമാണ്.
രാജ്യത്തെ എല്ലാ കമ്പനികളും പുതിയ നിയമ വ്യവസ്ഥ നിര്‍ബന്ധമായും പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. സെപ്റ്റംബറിലാണ് വിദേശ തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാല്‍ ആക്കി അമീര്‍ നിയമം ഒപ്പുവച്ചത്.