ജെഇഇ, നീറ്റ് പരീക്ഷകള്‍ മുന്‍ തീരുമാനമനുസരിച്ചുതന്നെ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
ന്യൂഡല്‍ഹി: ജെഇഇ, നീറ്റ് പരീക്ഷകള്‍ നേരത്ത തീരുമാനിച്ച ദിവസങ്ങളില്‍ തന്നെ നടക്കുമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജെഇഇ(മെയിന്‍) സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയുള്ള ദിവസങ്ങളിലും നീറ്റ് സെപ്റ്റംബര്‍ 13ാം തിയ്യതിയും നടക്കും. ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തിലാണ് ടെസ്റ്റിങ് ഏജന്‍സി തിയ്യതികള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ സുപ്രിം കോടതിയെ സമീപിച്ചത്.
പരീക്ഷകള്‍ സെപ്റ്റംബര്‍ മാസത്തില്‍ നടത്തരുതെന്ന് പല സംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.