യുഎസ്സില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 160 ദശലക്ഷത്തിലേക്ക്; അമേരിക്ക കൊവിഡ് വൈറസ് വിമുക്തിയുടെ പാതയിലെന്ന് പ്രസിഡന്റ് ജൊ ബൈഡന്‍
ന്യൂയോര്‍ക്ക്: അടുത്ത ആഴ്ചയോടെ അമേരിക്കയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 160 ദശലക്ഷമാവുമെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍. ഏറെ താമസിയാതെ രാജ്യം കൊവിഡ് വൈറസ് വിമുക്തമാവുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വര്‍ഷാരംഭത്തിനുശേഷം അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണവും മരണനിരക്കും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. 90 ശതമാനത്തില്‍ കൂടുതല്‍ ഇടിവുണ്ടായതായാണ് കണക്ക്. വൈറസ് ബാധക്കുമുമ്പുള്ള സാഹചര്യത്തിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുന്നതായും പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.
അമേരിക്കയില്‍ 150 ദിവസം കൊണ്ട് 300 ദശലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 182 ദശലക്ഷമായി. രാജ്യത്തെ 60 വയസ്സിനു മുകളിലുള്ള 90 ശതമാനം പേരും 27 വയസ്സിനു മുകളിലുള്ള 70 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു.
അഞ്ച് മാസം മുമ്പ് ബൈഡന്‍ അധികാരത്തിലെത്തുമ്പോള്‍ മൂന്ന് ദശലക്ഷം പേര്‍ക്കുമാത്രമാണ് വാക്‌സിന്‍ നല്‍കിയിരുന്നത്.
വൈറസ് ബാധ കുറയുകയാണ്. അമേരിക്കക്കാര്‍ സാധാരണനിലയിലേക്ക് ഒത്തൊരുമയോടെ തിരിച്ചുവരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് ഇത്. അമേരിക്കന്‍ ജനങ്ങളാണ് ഇത് സാധ്യമാക്കിയത്- ബൈഡന്‍ പറഞ്ഞു.