യുക്രെയ്‌നില്‍ കുടുങ്ങിയ ഒഡീഷക്കാരെ നാട്ടിലെത്തിക്കാന്‍ വിദേശത്ത് പ്രത്യേക പ്രതിനിധികളെ നിയമിച്ച് ഒഡീഷ സര്‍ക്കാര്‍
ഭുവനേശ്വര്‍; റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്‌നില്‍ കുടുങ്ങിയ ഒഡീഷക്കാരടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ നാല് പ്രത്യേക പ്രതിനിധികളെ നിയോഗിച്ചു. യുക്രെയ്‌ന്റെ അതിര്‍ത്തി രാജ്യങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഒഡീഷയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രെയ്‌നില്‍കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തന് നേരിട്ട് രംഗത്തിറങ്ങുന്നത്.
'യുക്രെയ്‌നില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി കാരണം, നിരവധി പേര്‍, പ്രത്യേകിച്ച് ഒഡീഷയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അവരെ ഒഴിപ്പിക്കേണ്ടതുണ്ട്. കൂടാതെ, ഒഡീഷയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ പലരും ഹംഗറി പോലുള്ള അയല്‍രാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ട്. പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളില്‍ നിന്ന് അവരെ പ്രത്യേക വിമാനങ്ങളിലാണ് വിദേശകാര്യമന്ത്രാലയം ഒഴിപ്പിക്കുന്നത്- ഒഡീഷ സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് യുക്രെയ്‌നിന്റെ അയല്‍രാജ്യങ്ങളിലേക്ക് ഒഡീഷ സര്‍ക്കാര്‍ പ്രതിനിധികളെ നിയോഗിക്കുന്നത്. യുക്രെയ്‌നിലുള്ള ഒഡീഷക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് അത്.
വിക്രമാദിത്യ, ആരുഷി റെ, ബൈശാലി മൊഹന്തി, അനുരാഗ് പട്‌നായിക് എന്നിവരാണ് പ്രത്യേക പ്രതിനിധികള്‍.
വിക്രമാദിത്യ കെഐഐടി സര്‍വകലാശാല വൈസ് പ്രസിഡന്റാണ്. അദ്ദേഹം പോളണ്ടിന്റെ ചുമതലയാണ് വഹിക്കുക. ആരുഷി റെ ടിഡിപിഎസ് ഓഫിസറാണ്, ഹംഗറിയുടെ ചുതല വഹിക്കും. ബൈശാലി മൊഹന്തി യുഎന്‍ പോളിസി ഓഫിസറാണ് റൊമാനിയയുടെ ചുമതല വഹിക്കും. അനുരാഗ് പട്‌നായിക് ഹംഗറിയിലാണ്, സ്ലൊവാക്യയുടെ ചുമതല വഹിക്കും.
ഒഡീഷ റസിഡന്റ് കമ്മീഷ്ണര്‍മാരുമായി ബന്ധപ്പെട്ടാണ് ഇവര്‍ തങ്ങളുടെ ചുമതല വഹിക്കുക.