ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവിന്റെ കഴുത്തിനു താഴെ തളര്‍ന്നു
അയല്‍ക്കാരനെ വീടുനിര്‍മാണത്തില്‍ സഹായിക്കുന്നിതിനിടയിലാണ് ആബൂ അരാമിനു നേരെ ഇസ്രായേല്‍ സൈന്യം വെടിവച്ചത്. അതോടെ തളര്‍ന്നു വീഴുകയായിരുന്നു
വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവപ്പില്‍ ഫലസ്തീന്‍ യുവാവിന്റെ കഴുത്തിനു താഴെ തളര്‍ന്നു. അബൂ അരാം എന്നയാളുടെ കഴുത്തിലേക്കാണ് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തത്. അതോടെ കഴുത്തിനു താഴെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അയല്‍ക്കാരനെ വീടുനിര്‍മാണത്തില്‍ സഹായിക്കുന്നിതിനിടയിലാണ് ആബൂ അരാമിനു നേരെ ഇസ്രായേല്‍ സൈന്യം വെടിവച്ചത്. അതോടെ തളര്‍ന്നു വീഴുകയായിരുന്നു. വീട് നിര്‍മാണത്തിന് ഉപയോഗിച്ച് ജനറേറ്റര്‍ എടുത്തുകൊണ്ടുപോകാന്‍ ഇസ്രായേല്‍ പട്ടാളക്കാര്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞതിനാണ് അബൂ അരാമിനെ വെടിവച്ചു വീഴ്ത്തിയത്. വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ വീട് പണിയുന്നത് ഇസ്രായേല്‍ സൈന്യം തടയുന്നുണ്ട്. 1967 മുതല്‍ ഇസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ കൈയേറ്റം നടത്തുന്നുണ്ട്. ഇവിടെ നിലവില്‍ 450,000 ജൂത കുടിയേറ്റക്കാരാണുള്ളത്. 28 ലക്ഷം പലസ്തീനികളും ഇവിടെ വസിക്കുന്നു. 2020 ല്‍ മാത്രം വെസ്റ്റ് ബാങ്കിലെ 900 ലധികം ഫലസ്തീനികളുടെ വീടുകളാണ് ഇസ്രായേല്‍ പൊളിച്ചുമാറ്റിയത്.