ആ പോലീസുകാരന്‍ ഗതാഗതം നിന്ത്രിക്കുമ്പോള്‍ നൃത്തം ചെയ്യുകയാണ്
16 വര്‍ഷം മുന്‍പ് സംഭവിച്ച ഒരു അപകടമാണ് രഞ്ജിത് സിംഗിനെ ഗതാഗത നിയന്ത്രണത്തിനിടെ നൃത്തച്ചുവടുകള്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തിരക്കേറിയ കവലയില്‍ ട്രാഫിക് കോണ്‍സ്റ്റബിള്‍ രഞ്ജിത് സിംഗ് ഗതാഗതം നിയന്ത്രിക്കുന്നത് മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ 'മൂണ്‍വാക്ക്' അവതരിപ്പിച്ചു കൊണ്ട്. നാലുഭാഗത്തു നിന്നുമുള്ള വാഹനങ്ങളെ കടത്തിവിടുന്നതും തടയുന്നതും മൂണ്‍വാക്കിലെ സറ്റെപ്പുകളിലൂടെയാണ്. കഴിഞ്ഞ 16 വര്‍ഷമായി രഞ്ജിത് സിംഗിന്റെ ട്രാഫിക് ഡ്യൂട്ടി 'മൂണ്‍വാക്കി'ലൂടെയാണ്. വേറിട്ട രീതി കാരണം സാമൂഹ്യ മാധ്യമങ്ങളിലെ താരമാണ് ഈ പോലീസുകാരന്‍.
സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി നേടിയ പോലീസുകാരനെ തേടി ഡ്യൂട്ടിക്കിടയിലും ആളുകളെത്തുന്നുണ്ട്. 16 വര്‍ഷം മുന്‍പ് സംഭവിച്ച ഒരു അപകടമാണ് രഞ്ജിത് സിംഗിനെ ഗതാഗത നിയന്ത്രണത്തിനിടെ നൃത്തച്ചുവടുകള്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. സാധാരണ രീതിയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ സംഭവിച്ച അപകടത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷമാണ് ജനങ്ങളെ ആകര്‍ഷിക്കാന്‍ മൈക്കല്‍ ജാക്‌സന്റെ നൃത്തച്ചുവടുകളുമായി അദ്ദേഹം ഡ്യൂട്ടി ചെയ്യാന്‍ തുടങ്ങിയത്.
(വീഡിയോ കടപ്പാട് - ബിബിസി)
താന്‍ ഒരു നൃത്ത പ്രേമിയാണെന്നും എന്നാല്‍ ദാരിദ്ര്യം കാരണം നൃത്തത്തില്‍ വലിയ പങ്കുവഹിക്കാനാകില്ലെന്നും സിംഗ് പറഞ്ഞു. നൃത്തത്തിലൂടെ ട്രാഫിക് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് രഞ്ജിത് സിംഗിന്റെ അവകാശവാദം. മേലുദ്യോഗസ്ഥര്‍ ഇതുവരെ രഞ്ജിത് സിംഗിന്റെ 'മൂണ്‍വാക്കില്‍' ഇടപെട്ടിട്ടില്ല. മികച്ച ഫലങ്ങള്‍ കണ്ടാല്‍ മറ്റൊന്നും ആരും കാര്യമാക്കില്ല എന്നാണ് രഞ്ജിത് സിംഗ് പറയുന്നത്.