വിമര്‍ശകര്‍ നുണ പ്രചരിപ്പിക്കുന്നു; കര്‍ഷക ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

Update: 2020-09-18 10:47 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയപാര്‍ട്ടികളും എതിരാളികളും ബില്ലിനെ കര്‍ഷകവിരുദ്ധമായി അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷിക മേഖലയില്‍ സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തുന്ന ബില്ലിനെതിരേ വ്യാപകമായ രീതിയില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കര്‍ഷകരുടെ ഉത്തമതാല്‍പ്പര്യമാണ് ബില്ലിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ബി്ല്ലു കളും ഒന്നിടവിട്ട ദിവസങ്ങളില്‍ ലോക് സഭ പാസ്സാക്കിയിരുന്നു.

ബീഹാറില്‍ പുതുതായി നിര്‍മിച്ച ഒരു ഒരു റെയില്‍വേ പാലത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിലാണ് മോദി പ്രതിപക്ഷപാര്‍ട്ടികളെയും കര്‍ഷക സംഘടനകളെയും കുറ്റപ്പെടുത്തിയത്. ഇതേ അഭിപ്രായം അദ്ദേഹം ട്വിറ്റര്‍ വഴിയും പ്രകടപ്പിച്ചിരുന്നു.

ഫാര്‍മേഴ്‌സ് ട്രേഡ് ആന്റ് കോമേഴ്‌സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്ല്, ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രീമന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്ല് തുടങ്ങിയവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സഭ പാസ്സാക്കിയത്. അടുത്ത ദിവസം അവശ്യസാധന നിയമഭേദഗതി ബില്ലും പാസ്സാക്കി.

ബില്ലിനെതിരേ സമാജ് വാദി പാര്‍ട്ടി, അകാലിദള്‍, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പുതിയ ബില്ല് കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടവരുത്തുമെന്ന് സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

ഫാര്‍മേഴ്‌സ് ട്രേഡ് ആന്റ് കോമേഴ്‌സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ്, ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രീമന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ഓര്‍ഡിനന്‍സ്, അവശ്യവിലനിയന്ത്രണത്തില്‍ കൊണ്ടുവന്ന ഭേദഗതി തുടങ്ങിയവയാണ് ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍. ഇവയാണ് ഇപ്പോള്‍ നിയമമാക്കിയത്. ഇതിനെതിരേ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ കനത്ത പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്ര മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ ഇതിന്റെ പേരില്‍ രാജിവച്ചിരുന്നു.  

Tags:    

Similar News