സംയുക്ത കിസാന്‍ സഭ ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ്
റൊഹ്താക്: കാര്‍ഷിക ബില്ലിനെതിരേ മാസങ്ങളായി സമരം ചെയ്യുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ നവംബര്‍ 26ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ മടിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍(ഹരിയാന) പ്രസിഡന്റ് ഗുര്‍നാം സിങ് ഛദുനി. സമരരംഗത്തുള്ള നാല്‍പത് കര്‍ഷക സംഘടനയുടെ പൊതുവേദിയാണ് സംയുക്ത കിസാന്‍ മോര്‍ച്ച.
അവസാന തീരുമാനം എടുക്കേണ്ടത് സംയുക്ത കിസാന്‍ മോര്‍ച്ചയാണെന്നും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള പ്രമേയം തങ്ങളുടെ സംഘടന എടുത്തുകഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി അതിര്‍ത്തിയിലേക്ക് ട്രാക്റ്ററുകള്‍ കൊണ്ടുവന്ന് നവംബര്‍ 27 മുതല്‍ സമരം ശക്തമാക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
''നവംബര്‍ 26 വരെ കേന്ദ്രസര്‍ക്കാരിന് സമയമുണ്ട്. നവംബര്‍ 27 മുതല്‍ കര്‍ഷകര്‍ ഗ്രാമങ്ങളില്‍നിന്ന് ട്രാക്റ്ററുകളില്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് പുറപ്പെടും''- രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നാല്‍പ്പതോളം കര്‍ഷക സംഘടനകള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ സമരത്തിലാണ്. 2021 നവംബര്‍ 26ഓടെ ഒരു വര്‍ഷം പൂര്‍ത്തിയാവും.
സമരത്തിനു ശേഷം പല വട്ടം ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.