കൊവിഡ് കാലത്ത് പ്രധാനമന്ത്രി ട്വീറ്റുകള്‍ക്ക് വിഷയമാക്കിയത് പാര്‍ട്ടി പ്രചാരണവും ട്രസ്റ്റിലേക്കുള്ള പണപ്പിരിവും; കുടിയേറ്റത്തൊഴിലാളികളുടെ ദുരിതവും പിപിഇ കിറ്റുകളുടെ അഭാവവും പടിക്കുപുറത്ത്
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ട്വിറ്റര്‍ അക്കൗണ്ട് ഉടമയാണ് പ്രധാനമന്ത്രി മോദി. അദ്ദേഹത്തിന്റെ ഓരോ ട്വീറ്റും നിരവധി തവണ റിട്വീറ്റ് ചെയ്യപ്പെടാറുണ്ട്. ലൈക്കിനും പഞ്ഞമില്ല. കൊവിഡ് വ്യാപനം തുടങ്ങിയ ശേഷവും അദ്ദേഹം ധാരാളം ട്വീറ്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരാളുടെ ട്വീറ്റുകള്‍ അയാളുടെ സ്വഭാവവും മുന്‍ഗണനകളും വെളിപ്പെടുത്തുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ മോദിയുടെ ട്വീറ്റുകള്‍ നല്‍കുന്ന സൂചന ഒരു ഇന്ത്യക്കാരന് അത്ര അഭിമാനിക്കാവുന്നതല്ല.
മാര്‍ച്ച് 28 മുതല്‍ പത്ത് ദിവസത്തെ മോദിയുടെ ട്വീറ്റുകള്‍ പരിശോധിച്ചവര്‍ക്ക് അതില്‍ ചില വിഷയങ്ങള്‍ അദ്ദേഹം ഒഴിവാക്കിയതായും ചിലതിനെ കുറിച്ച് ഏറെ പറഞ്ഞതായും മനസ്സിലായി. അദ്ദേഹം ഏറ്റവും കൂടുതല്‍ എഴുതിയത് വിവാദമായ പിഎം കെയറിനെ കുറിച്ചുതന്നെ 61 ട്വീറ്റുകള്‍. പിന്നെ 9 മണി.9മിനിട്ടിലെ ദീപം പ്രകാശിപ്പിക്കലിനെ കുറിച്ച്, 54. മന്‍കി ബാത്ത്/യോഗയെ കുറിച്ച് 21 തവണ. അടുത്തത് ബിജെപിയുടെ സ്ഥാപകദിനത്തെ കുറിച്ച് 11 തവണ.
ഇതില്‍ പിഎം കെയറര്‍ പദ്ധതി തുടക്കത്തിലേ വിവാദമായതാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ എന്തിനാണ് പ്രധാനമന്ത്രി കെയര്‍ എന്ന പേരില്‍ പുതിയൊരു അക്കൗണ്ട് എന്നായിരുന്നു ജനങ്ങള്‍ ചോദിച്ചത്. പ്രധാനമന്ത്രി കെയര്‍ ഒരു ട്രസ്റ്റാണ്. പ്രധാനമന്ത്രി ചെയര്‍മാനായ ട്രസ്റ്റ്. സര്‍വ്വത്ര ദുരൂഹമാണ് അതിന്റെ സ്ഥിതി. രാജ്യത്തെ വലിയ പല കമ്പനികളും ഈ ഫണ്ടിലേക്കാണ് ഇപ്പോള്‍ പണം നല്‍കുന്നത്. ഇതിന്റെ വിവരങ്ങള്‍ ഇന്നും ദുരൂഹം തന്നെ. ഇതേ കുറിച്ചാണ് പ്രധാനമന്ത്രി കൂടുതല്‍ ട്വീറ്റ് ചെയ്തത്.
കൊവിഡ് 19നെ പല സര്‍ക്കാരുകളും ഒരു പിആര്‍ പദ്ധതിയാക്കി മാറ്റുകയാണെന്ന വിമര്‍ശനം സര്‍വത്രയുണ്ട്. അത് കേരളമായാലും കേന്ദ്രമായാലും ഡല്‍ഹിയായാലും വ്യത്യാസമില്ല. എന്നാല്‍ കേന്ദ്രം അക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. അവരുടെ ശ്രദ്ധ തന്നെ പിആര്‍ പരിപാടികളിലാണ്. ഒമ്പത് മണി കഴിഞ്ഞ് ഒമ്പത് മിനിട്ടിലെ ദീപം കത്തിക്കലും അതിനു മുന്നത്തെ പാത്രം കൊട്ടലും കൊവിഡ് കാലത്തെ യോഗയും ബിജെപിയുടെ സ്ഥാപകദിനവുമൊക്കെ പ്രധാനമന്ത്രിക്ക് വിഷയമായി. എല്ലാം പിആര്‍ നീക്കങ്ങള്‍ ആണെന്നതില്‍ സംശയമില്ല.
എന്നാല്‍ പ്രധാനമന്ത്രി ഒഴിവാക്കിയതാകട്ടെ അതീവ ഗുരുതരമായ വിഷയങ്ങളാണെന്നതാണ് ദുഃഖകരം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായ ലക്ഷണക്കണക്കിന് കുടിയേറ്റത്തൊഴിലാളികളുടെ കാര്യത്തെ കുറിച്ച് അദ്ദേഹം ഒരു ട്വീറ്റ് പോലും ചെയ്തില്ല.
കേന്ദ്രത്തിന്റെ പിടിപ്പുകേട് നിമിത്തം ആരോഗ്യപ്രവര്‍ത്തകരെ കൊവിഡിലേക്ക് തള്ളിവിട്ട പിപിഇ കിറ്റുകളുടെ അഭാവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ പോലും പരിഗണിക്കാതെ കൊവിഡ് ബാധയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇന്ത്യന്‍ കമ്പനികള്‍ ആരോഗ്യസുരക്ഷാസംവിധാനങ്ങള്‍ പല രാജ്യങ്ങളിലേക്കും കയറ്റിയയച്ച് പണം വാരിക്കൂട്ടി. കേന്ദ്രം അതിനാവശ്യമായ ഒത്താശ ചെയ്തുകൊടുത്തു. അതേ തുടര്‍ന്നാണ് രാജ്യത്ത് ആരോഗ്യസുരക്ഷാ സംവിധാനങ്ങളുടെ അഭാവമുണ്ടായത്. അതുകൊണ്ടുതന്നെ അക്കാര്യത്തെ കുറിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തില്ല. നൂറില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ട സാഹചര്യത്തിലാണ് ഇതെന്ന് നാം ഓര്‍ക്കണം.
ലോകത്ത് ഏറ്റവും കുറവ് കൊവിഡ് 19 പരിശോധന നടത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എത്ര കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്യുമോ അത്രയും വേഗം രോഗവിമുക്തിയുണ്ടാകുമെന്നാണ് കണക്ക്. പക്ഷേ, ഇക്കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്. അതും പ്രധാനമന്ത്രിയുടെ ട്വീറ്റിന് വിഷയമായില്ല.
ലോക്ക് ഡൗണ്‍ മൂലം മുടങ്ങിപ്പോയെ സാധാരണക്കാരുടെ ലോണ്‍ തിരിച്ചടവും അദ്ദേഹത്തിന് വിഷയമായില്ല. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ മുന്‍ഗണനകള്‍ ജനങ്ങള്‍ക്കൊപ്പമായിരുന്നില്ലെന്നും പലതും പിആര്‍ വര്‍ക്കുകള്‍ മാത്രമായിരുന്നുവെന്നുമാണ് ട്വീറ്റുകള്‍ തെളിയിക്കുന്നത്.