ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകെട്ടുകളായി പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി. ജഡ്ജിമാരായ ഷീല്‍ നാഗു, ജി എസ് സന്ധാവാലിയ, അനു ശിവരാമന്‍ എന്നിവരാണ് അന്വേഷണം നടത്തുക. അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. അന്വേഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി നടപടികള്‍ തീരുമാനിക്കുക. അതേസമയം, ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കിട്ടിയില്ലെന്ന പ്രചാരണം നിഷേധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി (ഡിഎഫ്എസ്) അതുല്‍ ഗാര്‍ഗ് രംഗത്തെത്തി. തീകെടുത്തുന്നതിനിടെ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാര്‍ഗ് പറഞ്ഞു.