റമദാനില്‍ ടാറ്റൂ ഒഴിവാക്കി ഇന്തോനേഷ്യയിലെ മുസ്‌ലിംകള്‍; സൗജന്യ റിമോവല്‍ സേവനവുമായി സക്കാത്ത് ഏജന്‍സി(PHOTOS)

ജക്കാര്‍ത്ത: ടാറ്റൂ ചെയ്തതില്‍ പശ്ചാത്തപിക്കുന്നവരെ സഹായിക്കാന്‍ സൗജന്യ ടാറ്റൂ റിമോവല്‍ സേവനവുമായി ഇന്തോനേഷ്യയിലെ അമില്‍ സക്കാത്ത് നാഷണല്‍ ഏജന്‍സി. വിശുദ്ധ റമദാന്‍ മാസത്തിലാണ് മുസ്‌ലിംകള്‍ക്കായി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 700ഓളം പേരാണ് ടാറ്റു ഒഴിവാക്കിയത്. മൂവായിരത്തോളം പേര്‍ ടാറ്റു നീക്കം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഗീതജ്ഞനായ തെഗു ഇസ്‌ലിയന്‍ സെപ്തുറയും ഇത്തവണ ടാറ്റൂ ഒഴിവാക്കി. സംഗീത പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍, താന്‍ 'കൂള്‍' ആണെന്ന് ആളുകളെ കാണിക്കാനാണ് മുതുകിലും കൈകളിലും കാലുകളിലും ടാറ്റു ചെയ്തിരുന്നതെന്ന് തെഗു പറയുന്നു. പക്ഷേ, ഇപ്പോള്‍ അപ്പോള്‍ ദൈവത്തോട് അടുത്തു. ആ വിശ്വാസത്തിന്റെ ബലത്തിലാണ് വേദന സഹിച്ച് ലേസര്‍ സാങ്കേതിക വിദ്യയിലൂടെ ടാറ്റുകള്‍ ഒഴിവാക്കിയത്.


''മനുഷ്യരായ നമുക്ക് ചിലപ്പോള്‍ തെറ്റുകള്‍ പറ്റാം. ദൈവത്തോട് അടുക്കുന്നതിലൂടെ സ്വയം പരിഷ്‌കരിക്കാന്‍ സാധിക്കും. ഞാന്‍ ഇത്തവണ നോമ്പുകളെല്ലാം എടുത്തു. മുന്‍കാലത്തെ മോശം പ്രവൃത്തികളെല്ലാം അവസാനിപ്പിച്ചു. ഇനി സല്‍ക്കര്‍മങ്ങള്‍ മാത്രമേ ചെയ്യൂ. ദൈവം എനിക്ക് ശുദ്ധമായ ചര്‍മം തന്നു. ഞാന്‍ അത് നശിപ്പിച്ചു. അതില്‍ ഞാന്‍ ഖേദിക്കുന്നു.''- ആരോഗ്യ പ്രവര്‍ത്തക വെളുത്ത ലേസര്‍ വടി കൊണ്ട് ചുവപ്പ്, പച്ച, കറുപ്പ് നിറങ്ങളിലുള്ള പിഗ്മെന്റുകള്‍ പൊട്ടിച്ചുകളയുമ്പോള്‍ തെഗു പറഞ്ഞു.
2019ലാണ് ടാറ്റൂ നീക്കം ചെയ്യല്‍ പരിപാടി ആരംഭിച്ചതെന്ന് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അസെപ് വഹ്യുദി പറഞ്ഞു. അതിന് ശേഷം എല്ലാ റമദാനിലും പരിപാടി നടത്തുന്നുണ്ട്. ''ദൈവത്തോട് അടുക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനാണ് പദ്ധതി. ടാറ്റൂ എവിടെ നീക്കം ചെയ്യും, എങ്ങിനെ സുരക്ഷിതമായി ചെയ്യും എന്നൊന്നും പലര്‍ക്കും അറിയില്ല. മാത്രമല്ല, വലിയ ചെലവും വരും. തെഗുവിനെ പോലെ നിരവധി ടാറ്റൂകളുള്ളവര്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ ചെലവ് വരും. കൂടാതെ അല്‍പ്പകാലം ചികില്‍സകളും വേണ്ടി വരും.''-മുഹമ്മദ് അസെപ് വഹ്യുദി വിശദീകരിച്ചു.


22 വയസുള്ളപ്പോള്‍ തന്റെ മകളുടെ പേര് കൈയ്യില്‍ പച്ചകുത്തിയതായി ഇപ്പോള്‍ 52 വയസുള്ള ഇന്ദ്രായതി എന്ന മധ്യവയസ്‌ക പറഞ്ഞു. ടാറ്റൂ മായ്ക്കാന്‍ പേരക്കുട്ടികള്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇന്ദ്രായതി അത് ശ്രദ്ധിച്ചത്. ആ മുത്തശ്ശിയുടെ കൈയ്യില്‍ ടാറ്റൂവുണ്ടെന്നാണ് പേരക്കുട്ടിയുടെ സ്‌കൂളിലെ കുട്ടികള്‍ പറയുന്നത്. ബോധമില്ലാത്ത കാലത്താണ് ടാറ്റൂ ചെയ്തതെന്നും ഇന്ദ്രായതി പറഞ്ഞു.
പഠിക്കുന്ന കാലത്ത് ഒരു സംഘത്തില്‍ ചേരാനാണ് ഇവാലിയ സാദോറ എന്ന പെണ്‍കുട്ടി ടാറ്റൂ ചെയ്തത്. മുതുകില്‍ ഒരു വലിയ നക്ഷത്രം പച്ചകുത്തി. കൂടാതെ റോക്ക് ആന്റ് റോള്‍ എന്ന് എഴുതുകയും ചെയ്തു. അക്കാലത്ത് ചെയ്തത് തെറ്റാണെന്നാണ് ഇവാലിയ പറയുന്നത്. ഇത്തവണ എല്ലാ നോമ്പുകളും ഇവാലിയ എടുത്തിട്ടുണ്ട്.
ടാറ്റൂ ഒഴിവാക്കിയ ശേഷം ഇവാലിയ സാദോറ പുറത്തുപോവുന്നു