സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണം: എറണാകുളം ജില്ലാതല ഐക്യദാര്‍ഢ്യ സംഗമം ഇന്ന് പെരുമ്പാവൂരില്‍

Update: 2021-07-13 02:24 GMT

കൊച്ചി: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ജൂലൈ 14ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുള്ള എറണാകുളം ജില്ലാതല ഐക്യദാര്‍ഢ്യ സംഗമം ഇന്ന് പെരുമ്പാവൂരില്‍ നടക്കുമെന്ന് പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം അറിയിച്ചു.

മുസ് ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ഇനിയും നടപ്പാക്കിട്ടില്ല. സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍കളെ തുടര്‍ന്ന് 2011 മുതല്‍ കേരളത്തില്‍ നടപ്പാക്കി വന്നിരുന്ന മുസ് ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഹിതത്തില്‍ മുസ് ലിം കള്‍ക്കൊപ്പം പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 അനുപാതം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. പൂര്‍ണമായും മുസ് ലിംകള്‍ക്ക് അവകാശപ്പെട്ട പദ്ധതിയില്‍ ഇതര വിഭാഗത്തെ ഉള്‍പ്പെടുത്തിയതിലൂടെയാണ് ഈ പദ്ധതി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് കോടതി വ്യവഹാരങ്ങള്‍ക്കു ഇടവരാത്ത വിധം സമഗ്രവും സമ്പൂര്‍ണവും കുറ്റമറ്റതുമായ നിയമനിര്‍മ്മാണം നടത്തണം എന്നാണ് പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്ന  ആവശ്യം.

ഇന്ന് വൈകിട്ട് അഞ്ചിന് ഗവണ്‍മെന്റ് ആശുപത്രി പരിസരത്ത് നിന്നും ആരംഭിക്കുന്ന ഐക്യദാര്‍ഢ്യ റാലി യാത്രി നിവാസില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന ഐക്യദാര്‍ഢ്യസംഗമം സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി കെ സലീം അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി എ ഷിജാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുമെന്ന് ജില്ലാ പി ആര്‍ ഒ കെ എസ് നൗഷാദ് അറിയിച്ചു.

Tags:    

Similar News