കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്തം തലയില്‍ കെട്ടിവെയ്ക്കുന്നു; ഉന്നാവോയില്‍ 14 ഡോക്ടര്‍മാര്‍ രാജിവച്ചു

Update: 2021-05-13 17:18 GMT

ലഖ്‌നോ: കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്തം തലയില്‍ കെട്ടിവെയ്ക്കുന്നുവെന്ന് ആരോപിച്ച് യുപിയിലെ ഉന്നാവോയില്‍ 14 ഡോക്ടര്‍മാര്‍ രാജിവച്ചു. ഗ്രാമീണ മേഖലയിലെ വിവിധ സര്‍ക്കാര്‍ ചികില്‍സാ കേന്ദ്രങ്ങളിലെ മേധാവികളായ ഡോക്ടര്‍മാരാണ് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവാത്തതിന്റെ ഉത്തരവാദിത്തം തലയില്‍ കെട്ടിവച്ച് തങ്ങളെ ബലിയാടാക്കുകയാണെന്നാരോപിച്ച് രാജിവച്ചത്. ഉന്നാവോയിലെ ഗ്രാമീണ മേഖലയിലെ വിവിധ മുന്‍നിര ആരോഗ്യകേന്ദ്രങ്ങളും ഈ ഡോക്ടര്‍മാരാണ് കൈകാര്യം ചെയ്യുന്നത്.

രാജിവച്ച 14 പേരില്‍ 12 പേരും സംയുക്തമായ രാജിക്കത്താണ് നല്‍കിയത്. ഉന്നാവോയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കാണ് രാജിക്കത്തുകള്‍ സമര്‍പ്പിച്ചത്. കഠിനമായി ജോലി ചെയ്തിട്ടും സര്‍ക്കാര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് രാജിക്കത്തില്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു.

പ്രശ്‌നത്തില്‍ ഇടപെട്ട് സമവായത്തിലെത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് അവകാശപ്പെട്ടു. ആഭ്യന്തരമായ ചില പ്രശനങ്ങളായിരുന്നുവെന്നും രാജിവച്ച ഡോക്ടര്‍മാരുമായി നേരില്‍ കണ്ട് സംസാരിച്ചെന്നും അവര്‍ രാജി പിന്‍വലിക്കാന്‍ തയ്യാറായതായും ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പറഞ്ഞു.

കൊവിഡ് രോഗനിയന്ത്രണത്തിന്റെ പേരില്‍ നടക്കുന്ന ഇടതടവില്ലാത്ത അവലോകന യോഗങ്ങള്‍ തങ്ങളുടെ ജോലി ഭാരം വര്‍ധിപ്പിച്ചതായും തങ്ങള്‍ ജോലി ചെയ്യുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് യോഗങ്ങളില്‍ നടക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു.

ഉന്നാവോയില്‍1,980 സജീവ രോഗികളാണ് ഉള്ളത്. പ്രതിദിനം 84 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുമുണ്ട്.

Tags:    

Similar News