കൊവിഡ് രണ്ടാം തരംഗഭീതിയില്‍ ധനികര്‍ ഇന്ത്യവിടുന്നു; വിമാനടിക്കറ്റ് നിരക്ക് അഞ്ചും പത്തും ഇരട്ടിയായി, പ്രൈവറ്റ് ജറ്റുകള്‍ക്ക് ആവശ്യക്കാരേറി

Update: 2021-04-26 04:27 GMT

ന്യൂഡല്‍ഹി: രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടേ കടന്നുപോകുമ്പോള്‍ ഇന്ത്യയിലെ അതീവ ധനികവര്‍ഗം രാജ്യം വിടുന്നതായി റിപോര്‍ട്ട്. അത്തരക്കാര്‍ കൂടുതല്‍ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങിയതോടെ വിമാനയാത്രാക്കൂലി വര്‍ധിച്ചു. സാധ്യമായവര്‍ സ്വകാര്യ വിമാനങ്ങള്‍ വാടകക്കെടുത്താണ് നാടുവിടാന്‍ ശ്രമിക്കുന്നത്. അതോടെ സ്വകാര്യവിമാനങ്ങളുടെ വാടകയും വര്‍ധിച്ചു.

യുഎഇ, അവരുടെ അതിര്‍ത്തി അടച്ചുപൂട്ടുന്നതിനു മുമ്പ് നിരവധി പേരാണ് രാജ്യം വിടാന്‍ തീരുമാനിച്ച് വിമാനടിക്കറ്റിനായി ശ്രമിച്ചതെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ആവശ്യക്കാര്‍ ഏറിയതോടെ മുംബൈയില്‍ നിന്ന് ദുബയിലേക്ക് കഴിഞ്ഞ ദിവസം ഏകദേശം 80,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. സാധാരണ നിരക്കിനേക്കാള്‍ 10 ഇരട്ടി കൂടുതല്‍.

ന്യൂഡല്‍ഹിയില്‍ നിന്ന് ദുബയിലേക്ക് നിരക്ക് 50,000 രൂപയായിരുന്നു. ഇത് സാധാരണ നിരക്കിന്റെ അഞ്ചിരട്ടിയാണ്.

സ്വകാര്യവിമാനങ്ങള്‍ക്കുള്ള ആവശ്യകത അതിഭീമമായി വര്‍ധിച്ചുവെന്നും എഎഫ്പി റിപോര്‍ട്ടില്‍ പറയുന്നു. എയര്‍ ചര്‍ട്ടര്‍ സര്‍വീസ് ഇന്ത്യയുടെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഈ കമ്പനിയുടെ 12 വിമാനങ്ങളാണ് കഴിഞ്ഞ ഒരു ദിവസം ദുബയിലേക്ക് പറന്നത്.

ദുബയിലേക്ക് മാത്രം 80 അന്വേഷണങ്ങളുണ്ടായിരുന്നുവെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

മുംബൈ, ഡല്‍ഹി വിമാനത്തില്‍ വെള്ളിയാഴ്ച 1,00,000-1,50,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇത് സാധാരണ ഈടാക്കുന്നതിന്റെ ഇരട്ടിയാണ്.

കൊവിഡ് പ്രതിദിന കേസുകള്‍ 3 ലക്ഷമായതോടെയാണ് ധനികരില്‍ ഭീതി തുടങ്ങിയതെന്നാണ് സൂചന.

Tags:    

Similar News