ആര്‍എസ്എസ്സും ബിജെപിയുമായി ഒരു നീക്കുപോക്കിനും തയ്യാറല്ല; നിലപാട് പ്രഖ്യാപിച്ച് തേജസ്വി യാദവ്
ഗയ: ആര്‍എസ്എസ്സും ബിജെപിയുമായി അധികാരത്തിനു വേണ്ടി ഒരു തരത്തിലുള്ള നീക്കുപോക്കിനും പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ രാഷ്്ട്രീയ ജനതാദള്‍ തയ്യാറായിട്ടില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തുടര്‍ന്നും അത്തരം ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവുകയുമില്ല. ഗയയില്‍ ഞായറാഴ്ച വൈകീട്ട് ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും ആര്‍എസ്എസ്സുമായി ഇതുവരെയും ഒരു തരത്തിലുള്ള നീക്കുപോക്കിനും തയ്യാറാവാത്ത പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ ജനതാദള്‍. ലാലുജി എല്ലാ കാലത്തും അവര്‍ക്കെതിരേ പോരാടിയിട്ടുണ്ട്. ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി സ്വയം വില്‍പ്പനയ്ക്കുവയ്ക്കുകയാണെങ്കില്‍ എനിക്ക് നേരത്തെ തന്നെ മുഖ്യമന്ത്രിയാവാമായിരുന്നു-യാദവ് പറഞ്ഞു.
2017ല്‍ മഹാഗട്ട്ബന്ധനില്‍ നിന്ന് പുറത്തുവന്ന് ബിജെപിയുമായി കൂട്ടുചേര്‍ന്ന നിതീഷ് കുമാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി. മഹാഗട്ട്ബന്ധന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് ദാരിദ്രനിര്‍മാജനപ്രവര്‍ത്തനങ്ങളും തൊഴിലില്ലായ്മയും അഴിമതിയുമാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യപ്രശ്‌നങ്ങളെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
3 ഘട്ടമായാണ് ഇത്തവണ 243 അംഗ ബീഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തിയ്യതികളിലാണ് പോളിങ്. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍.