'ദേശീയ സുരക്ഷാ' പരാമര്‍ശം വിമര്‍ശിക്കാന്‍ പാടില്ലാത്ത വിശുദ്ധ പശുവോ; ചിരിപ്പിക്കുന്നതും പൗരന്റെ 'കടമ'യെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ദേശീയ സുക്ഷയുമായി ബന്ധപ്പെട്ട ഏത് ചെറിയ വിമര്‍ശനത്തെയും രാജ്യദ്രോഹക്കേസെടുക്കാവുന്ന കുറ്റമായി കാണുന്ന പ്രവണതക്കെതിരേ മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനാണ് പോലിസിന്റെ നടപടിയെ വിമര്‍ശിച്ച് സിപിഐ-എംഎല്‍ പ്രവര്‍ത്തകനെതിരേ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കിയത്. നര്‍മബോധമുണ്ടാവുന്നതും ചിരിയുണര്‍ത്തുന്നതും പൗരന്റെ 'കടമ'യാണെന്ന് കോടതി നിരീക്ഷിച്ചു.
സിപിഐ-എംഎല്‍ പ്രവര്‍ത്തകനായ 62 വയസ്സുകാരന്‍ തിരുമലൈയിലേക്ക് ഷൂട്ടിങ് പ്രാക്റ്റീസിന് പോകുന്നുവെന്ന ശീര്‍ഷകത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് കേസിന് കാരണമായത്. ഇയാള്‍ ദേശവിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നുണ്ടെന്നും പോലിസ് ആരോപിച്ചു.
ഒരാള്‍ സ്വയം നര്‍മബോധമുള്ളയാളാവുന്നതും മറ്റുള്ളവരെ പരിഹസിക്കുന്നതും രണ്ട് കാര്യമാണ്. എന്തിന്റെ പേരില്‍ ചിരിപ്പിച്ചുവെന്നതാണ് ചോദ്യം. ഇന്ത്യ വളരെയേറെ വൈവിധ്യമുള്ള രാജ്യമാണെന്നും ഓരോ പ്രദേശത്തും ഓരോ 'വിശുദ്ധപശു'ക്കളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തമിഴ്‌നാട്ടില്‍ പെരിയാര്‍, കേരളത്തില്‍ മാര്‍ക്‌സും ലെനിനും മഹാരാഷ്ട്രയില്‍ ശിവജിയും സവര്‍ക്കറും ബംഗാളില്‍ ടാഗോര്‍, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷ എന്നിവയെ വിശുദ്ധപശുക്കളായി കാണുന്നു. ചില കടലാസ് പോരാളികള്‍ സ്വദേശി ചെഗുവരെയായി സ്വയം കാണുന്നു. ഈ കേസില്‍ പരാതിക്കാരന്‍ നര്‍മമുണ്ടാക്കുകയാണ് ചെയ്തത്. അതിനെ അതേ രീതിയില്‍ കാണമമെന്നും എന്തിനെതിരെയും ഇത്തരത്തില്‍ കേസെടുക്കുന്നത് നിയമത്തിന്റെ അന്തസ്സത്തയെ ചോര്‍ത്തിക്കളയുന്ന നടപടിയാണെന്നും കോടതി വിമര്‍ശിച്ചു. നിയമവ്യവസ്ഥയെ പരിഹസിക്കുന്ന നടപടിയാണ് ഇതെന്നും കോടതി വിമര്‍ശിച്ചു.
ദേശീയ സുരക്ഷയെന്ന് ആരോപിച്ച് രാജ്യത്ത് വലിയ തോതില്‍ പൗരന്മാര്‍ക്കെതിരേ വിവിധ സര്‍ക്കാരുകള്‍ നടപടിയെടുത്തുകൊണ്ടിരിക്കുന്ന കാലത്ത് ശ്രദ്ധേയമായ വിധിയാണ് മദ്രാസ് ഹൈക്കോടതിയുടേത്.