പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണമെന്ന് സമസ്ത പ്രതിനിധി സമ്മേളനം
പെരിന്തല്‍മണ്ണ: മുസ് ലിം സമുഹത്തിന്റെ പാരമ്പര്യം നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണെന്നും അത് നിനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണമെന്നും സമസ്ത പ്രതിനിധി സമ്മേളനം. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ഫൈസാബാദ് ജാമിഅ നൂരിയ്യയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെയാണ് ഈ ആവശ്യം ഉയര്‍ത്തിയത്.
വിവാഹം, വിവാഹമോചനം, മുത്വലാഖ്, സ്വത്തവകാശം, വഖ്ഫ്, ഖുല്‍അ്, ബാങ്ക് വിളി, തുടങ്ങിയ ശരീഅത്ത് നിയമങ്ങളില്‍ നിയമനിര്‍മാണ സഭകളും കോടതികളും ഇടപെട്ട് ശരീഅത്ത് വിരുദ്ധ നിയമങ്ങളും നിലപാടുകളും സ്വീകരിച്ച് വരുന്നതില്‍ മുസ്‌ലിം ന്യൂനപക്ഷം അതീവ ആശങ്കയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും തുല്യനീതിയെയും ഇതുവഴി ഹനിക്കപ്പെടുന്ന ദുരവസ്ഥയാണ് കണ്ടുവരുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ഈ ഘട്ടത്തില്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടുകയാണ് വേണ്ടത്. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ഇന്ത്യാ മഹാ രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരനും കൈകോര്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.