പോലിസിന്റെ പെരുമാറ്റമറിയാന്‍ മഫ്തിയില്‍ ബുള്ളറ്റില്‍ കറങ്ങി എസ്പിയും സബ് കലക്ടറും
കഴിഞ്ഞ ദിവസങ്ങളിലാണ് വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സബ് കലക്ടറും എസ്പിയും ബുള്ളറ്റില്‍ ടീഷര്‍ട്ട് അണിഞ്ഞ് ഇറങ്ങിയത്.
കല്‍പ്പറ്റ:ലോക്ക്ഡൗണ്‍ കാലയളവില്‍ പോലിസ് പൊതുജനത്തോട് എങ്ങനെ പെരുമാറുന്നു എന്ന് അറിയാന്‍ ജില്ലാ പോലിസ് ചീഫും സബ് കലക്ടറും മഫ്തിയില്‍ ബുള്ളറ്റില്‍ സവാരിക്കിറങ്ങി.കഴിഞ്ഞ ദിവസങ്ങളിലാണ് വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സബ് കലക്ടറും എസ്പിയും ബുള്ളറ്റില്‍ ടീഷര്‍ട്ട് അണിഞ്ഞ് ഇറങ്ങിയത്. ഇവരെ തിരിച്ചറിയാത്ത ചില പോലിസ് ഉദ്യോഗസ്ഥര്‍ ബുള്ളറ്റ് കൈകാണിച്ച് നിര്‍ത്തുകയും യാത്രാ ഉദ്ദേശം ആരായുകയും ചെയ്തു. ചിലയിടങ്ങളില്‍ മേലുദ്യോഗസ്ഥരെ പോലിസുകാര്‍ തിരിച്ചറിയുകയും ചെയ്തു.
സംഭവം ശരിയാണെന്നും ഇത്തരം പരിശോധനകള്‍ തുടരുമെന്നും സബ്കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് പറഞ്ഞു. പോലിസിന്റെ പെരുമാറ്റം സംബന്ധിച്ച പൊതു ജനങ്ങള്‍ക്കിടയില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് പട്രോളിങ്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്നവരെ സൂപ്പര്‍ വിഷന്‍ ചെക്കിന്റെ ഭാഗമായി മഫ്തിയില്‍ കല്‍പ്പറ്റ ടൗണില്‍ എത്തിയപ്പോള്‍ ജനമൈത്രി ജംഗ്ഷനിലും പിണങ്ങോട് ജംഗ്ഷനിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ പോലീസ് ഇന്‍സ്‌പെക്ടറും പോലീസുകാരും കൃത്യമായി വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചിക്കുകയും യാത്രാ രേഖകളും ഡിക്ലറേഷനും ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ ശരിയായ രീതിയിലും മാന്യമായും പെരുമാറി ഡ്യൂട്ടി ചെയ്ത കല്‍പ്പറ്റ പോലിസ് ഇന്‍സ്‌പെക്ടര്‍ക്കും ജാക്‌സണ്‍ റോയി, സബിന്‍ ശശി എന്നീ പോലിസുകാര്‍ക്കും അഭിനന്ദനക്കത്ത് നല്‍കി.