എല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: പൊതുനന്മക്കായി എല്ലാ സ്വകാര്യഭൂമികളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ 1978ലെ വിധി റദ്ദാക്കി കൊണ്ടായിരുന്നു ഉത്തരവ്. എല്ലാ സ്വകാര്യസ്വത്തുക്കളും ഭൗതിക വിഭവങ്ങളല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.ഒമ്പതംഗ ബെഞ്ചിലെ ഏഴ് പേരും വിധി റദ്ദാക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസുമാരായ ബി.വി. നഗരത്ന, സുധാന്‍ഷു ധൂലിയ എന്നിവരാണ് ഭിന്നിവിധി പുറപ്പെടുവിച്ചത്.
നേരത്തെ പ്രസ്തുത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. 1978ലെ വിധിയില്‍ പറയുന്നത് പ്രകാരം, സ്വകാര്യഭൂമികള്‍ പൊതുനന്മക്കായി ഏറ്റെടുക്കാനാകില്ലെന്നാണ് ഭൂരിഭാഗം സംസ്ഥാന സര്‍ക്കാരുകളും അറിയിച്ചത്.
1992ല്‍ ഫയല്‍ ചെയ്ത ഹരജി പിന്നീട് 2002ല്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് റഫര്‍ ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒന്നിലധികം നിയമതടസങ്ങള്‍ക്ക് ഒടുവില്‍ 2024ലാണ് ഹരജി പരിഗണിച്ചത്. വികസ്വര രാജ്യമെന്ന നിലയില്‍ ഓരോ ഘട്ടത്തിലുമുള്ള വെല്ലുവിളികള്‍ നേരിടാനാണ് സാമ്പത്തിക മേഖലയിലെ ഈ മാറ്റമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിശദീകരിച്ചു.