തിരുവനന്തപുരം; യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി എട്ടു ദിവസം സിനിമാപ്രേമികള്‍ക്ക് വിരുന്നൊരുക്കിയ രാജ്യാന്തര മേളയ്ക്ക് നാളെ (വെള്ളി) തലസ്ഥാനത്ത് തിരശീല വീഴും. ഇറാന്‍, അഫ്ഗാന്‍, തുര്‍ക്കി, റഷ്യ, നൈജീരിയ, ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 173 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
മത്സരവിഭാഗത്തില്‍ ഇക്കുറി പ്രദര്‍ശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിതാ സംവിധായകരായിരുന്നു. സ്പാനിഷ് ചിത്രം 'കമീല കംസ് ഔട്ട് റ്റു നെറ്റ്', നതാലിഅല്‍വാരിസ് മീസെന്‍ സംവിധാനം ചെയ്ത 'ക്ലാരാ സോല',ക്രോയേഷ്യന്‍ ചിത്രം 'മ്യൂറീന',ദിന അമീര്‍ സംവിധാനം ചെയ്ത 'യു റീസെമ്പിള്‍ മി',കമീലാ ആന്റിനിയുടെ 'യൂനി' ,'കോസ്റ്റ ബ്രാവ ലെബനന്‍' എന്നി ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു.
താരാ രാമാനുജം സംവിധാനം ചെയ്ത 'നിഷിദ്ധോ', കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസ വ്യൂഹം' വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കൂഴങ്ങള്‍', 'ഐ ആം നോട്ട് ദി റിവര്‍ ഝലം' എന്നീ ഇന്ത്യന്‍ മത്സരചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം ലഭിച്ചു.
ലോകത്തിന്റെ സൗന്ദര്യവും സംഘര്‍ഷവും ആവിഷ്‌കരിക്കുന്ന 86 വൈവിധ്യകാഴ്ചകളില്‍ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ 'ഡ്രൈവ് മൈ കാര്‍', കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം ലഭിച്ച 'റിപ്പിള്‍സ് ഓഫ് ലൈഫ്', 'പ്രയേഴ്‌സ് ഫോര്‍ ദി സ്‌റ്റോളന്‍', 'അഹെഡ്‌സ് നീ', വെനീസ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ 'സണ്‍ ചില്‍ഡ്രന്‍',ഏഷ്യന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ 'െ്രെബറ്റന്‍ ഫോര്‍ത്ത്' ,'ബ്രദര്‍ കീപ്പര്‍' ,'ഹൈവ്' തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക പ്രീതി നേടി. രണ്ടു തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ 'എ ഹീറോ' എന്ന ചിത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുത്തു.
അഫ്ഗാനിലെ സംഘര്‍ഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കിയ അഞ്ചു ചിത്രങ്ങളുടെ പ്രദര്‍ശനവും ഇത്തവണ മേളയുടെ മാറ്റ് കൂട്ടി. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത, നടന്‍ ദിലീപ് കുമാര്‍, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍, മലയാളത്തിന്റെ അഭിമാനം കെ എസ് .സേതുമാധവന്‍, കെ പി എ സി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മേള ചിത്രാര്‍പ്പണം ഒരുക്കി.