ഏപ്രില്‍ 30നു ശേഷം കൊവിഡ് ബാധിതരുടെ എണ്ണം 62 ശതമാനം കുറഞ്ഞതായി യുപി സര്‍ക്കാര്‍
ലഖ്‌നോ: ഏപ്രില്‍ 30നും ശേഷം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 62 ശതാനത്തിന്റെ ഇടിവുണ്ടായതായി യുപി ആരോഗ്യ സെക്രട്ടറി.
കഴിഞ്ഞ 24 മണിക്കൂറില്‍ 238 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 18,590ആയി. പ്രതിദിന രോഗബാധ 6,725 ആയിരുന്നു. ആകെ രോഗികളുടെ എണ്ണം 16,51,532 ആയിട്ടുണ്ടെന്ന് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ആരോഗ്യ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. ഇതേ കാലയളവില്‍ 13,590 പേര്‍ രോഗമുക്തരുമായി.
സംസ്ഥാനത്തെ രോഗമുക്തി നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇപ്പോഴത് 91.8 ശതമാനമാണ്. സജീവ രോഗികളുടെ എണ്ണം കുറയുന്നുണ്ട്, 20 ദിവസം കൊണ്ട് 62.5 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ 30ന് 3,10,783 സജീവ രോഗികളാണ് ഉണ്ടായിരുന്നത്, ഇപ്പോഴത് 1,16,434ആയി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന മരണങ്ങളില്‍ 21 എണ്ണം ലഖ്‌നോവിലും 16 എണ്ണം വരാണസിയിലും 15 എണ്ണം ഗാസിപൂരിലും 12 എണ്ണം ആഗ്രയിലുമാണ് റിപോര്‍ട്ട് ചെയ്ത്. കാന്‍പൂര്‍, മീററ്റ് എന്നിവിടങ്ങളില്‍ 11ഉം ഖോരക്പൂരില്‍ 9ഉം മരണങ്ങളുണ്ടായി.
സംസ്ഥാനത്തെ 32 ശതമാനം ഗ്രാമങ്ങളിലേക്ക് കൊവിഡ് പടര്‍ന്നുപിടിച്ചിട്ടുണ്ട്. പരിശോധനയും നിരീക്ഷണവും വര്‍ധിപ്പിച്ചതിനേത്തുടര്‍ന്നാണ് കൊവിഡ് കേസുകള്‍ കുറയ്ക്കാനായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 1.56 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുള്ളത്.