കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് പ്രതിമാസം 3,000 രൂപ നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡറാഡൂണ്‍: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 3000 രൂപ വച്ച് നല്‍കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വാല്‍സല്യ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കും. 21 വയസ്സാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസം, സൗജന്യ റേഷന്‍, സൗജന്യ ചികില്‍സ തുടങ്ങിയവയും സര്‍ക്കാര്‍ ഏറ്റെടുക്കും.
രണ്ടാം കൊവിഡ് വ്യാപന കാലത്ത് മാത്രം രാജ്യത്ത് അഞ്ഞൂറോളം കുട്ടികളാണ് അനാഥരായത്.
കൊവിഡ് മൂലം ടൂറിസം മേഖലയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. രജിസ്റ്റര്‍ ചെയ്ത ടൂര്‍ ഗൈഡുകള്‍ക്ക് 2500 രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നാനൊ വ്യവസായ പദ്ധതികള്‍ക്ക് സഹായധനം നല്‍കി തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്ന ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 20,000 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തൊഴില്‍ ആരംഭിക്കാന്‍ 10,000 മുതല്‍ 15,000 രൂപ വരെ നല്‍കും. 5000 രൂപ സബ്‌സിഡിയും നല്‍കും.