വെള്ളം തുറന്നുവിട്ടു; കോട്ടമുറി കൊടവത്തുകുന്ന് പാലംപണി കോണ്‍ക്രീറ്റിങ് മുടങ്ങി
മാള: കോട്ടമുറി കൊടവത്തുകുന്ന് റോഡിലെ പാലം നിര്‍മ്മാണം നടക്കുന്ന ഭാഗത്തേക്ക് വെള്ളം തുറന്നുവിട്ടതിനാല്‍ കോണ്‍ക്രീറ്റിടല്‍ മുടങ്ങി. ജലസേചനവകുപ്പാണ് വൈന്തോട്ടിലേക്ക് വെള്ളം തുറന്നുവിട്ടത്. മുന്നറിയിപ്പില്ലാതെയാണ് വെള്ളം എത്തിയത്.
കോണ്‍ക്രീറ്റിടാന്‍ നിശ്ചയിച്ച സ്ഥലം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ വെള്ളം കയറാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യാമായിരുന്നെന്നാണ് കോണ്‍ടാക്ടര്‍ പറയുന്നത്. വെള്ളം ഒഴിവാക്കി ഇനിയെന്ന് കോണ്‍ക്രീറ്റിഗ് നടക്കുമെന്ന് വ്യക്തതയില്ല. വെള്ളം തുറന്നുവിട്ടില്ലായിരുന്നെങ്കില്‍ വേനല്‍ക്കാലം കഴിയുന്നതിന് മുന്‍പ് കോണ്‍ഗ്രീറ്റിങ് ഏറെക്കുറെ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു.
തകര്‍ച്ചയിലായിരുന്ന പാലവും റോഡും 2018 ലെ മഹാപ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പിന്നീട് കുറേയേറെ സമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കം ശേഷമാണ് നിര്‍മാണം തുടങ്ങിയത്. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ ശ്രമഫലമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയാണ് പണി പുനഃരാരംഭിച്ചത്.