പരസ്യത്തിനു മാത്രം യോഗി സര്‍ക്കാര്‍ ഈ വര്‍ഷം വകയിരുത്തുന്നത് 500 കോടി

Update: 2021-09-20 03:02 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ മാത്രം ഈ വര്‍ഷം നീക്കിവയ്ക്കുന്നത് 500 കോടി രൂപ. പ്രിന്റ്, ടിവി, ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് നീക്കിവച്ച പണത്തിന്റെ കണക്കാണ് ഇത്.

യുപി സര്‍ക്കാരിന്റെ മൊത്തം വരുമാനത്തിന്റെ ചെറിയ ഒരു ശതമാനമാണ് ഇതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ന്യായീകരണം. 5,50,000 കോടി രൂപയാണ് യുപിയുടെ വാര്‍ഷിക ബജറ്റ്. അതേസമയം മധ്യപ്രദേശിന്റെ ബജറ്റ് തുക 2,34,000 കോടിയാണ്. ബീഹാറിന്റേത് 2,18,000 കോടി രൂപയുമാണ്. 

യുപി ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിനു വേണ്ടി ആകെ നീക്കിവച്ചിരിക്കുന്നത് 555.47 കോടി രൂപയാണ്. അതില്‍ 410.08 കോടിയാണ് പരസ്യത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്നത്. ഈ വര്‍ഷം കൂടുതലായി 100 കോടി രൂപ അധികം അനുവദിച്ചു.

അതേസമയം ഡല്‍ഹി സര്‍ക്കാര്‍ ഏഴ് വര്‍ഷം കൊണ്ട് ആകെ ചെലവഴിച്ചത് 997 കോടി രൂപയാണ്. അതിന്റെ പകുതിയാണ് യുപി ഒരു വര്‍ഷംകൊണ്ട് ചെലവഴിക്കുന്നത്.

യോഗിക്കെതിരേ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വലിയ വിമര്‍ശനമുയരാത്തതിന് ഒരു കാരണം അതാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.

യുപിയിലെ മാധ്യമപ്രവര്‍ത്തകനായ ഉമാശങ്കര്‍ ദുബെ നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടി പ്രകാരം ഏപ്രില്‍ 2020 മുതല്‍ മാര്‍ച്ച് 2021 വരെ 160.31 കോടി രൂപ ടിവി ചാനലുകള്‍ക്ക് മാത്രം നല്‍കി.

നാഷണല്‍ ടിവി ന്യൂസ് ചാനലുകള്‍ക്ക് 88.68 കോടിയും പ്രാദേശിക ചാനലുകള്‍ക്ക് 71.63 കോടിയും നല്‍കി. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പിന് ലഭിച്ചത് 28.82 കോടിയാണ്. സി മീഡിയ 23.48 കോടി കരസ്ഥമാക്കി. എബിപി ഗ്രൂപ്പിന് 18.19 കോടി ലഭിച്ചു. ഇന്ത്യ ടുഡെ 10.64 കോടി കരസ്ഥമാക്കി.

മുന്‍ സര്‍ക്കാരുകളേക്കാല്‍ 50 ശതമാനം കൂടുതലാണ് യോഗിയുടെ പരസ്യച്ചെലവ്. 

Tags:    

Similar News