വടക്കഞ്ചേരി: വർക് ഷോപ്പുകളിൽ നിന്ന് കാർ മോഷ്ടിച്ച സംഘത്തെ വടക്കഞ്ചേരി പൊലീസ് പെരുമ്പാവൂരിൽവച്ച് പിന്തുടർന്നു പിടികൂടി. വടക്കഞ്ചേരി, കോട്ടായി, കുഴൽമന്ദം എന്നിവിടങ്ങളിലെ വർക് ഷോപ്പുകളിൽ നിന്ന് കാർ മോഷ്ടിച്ചു കടന്ന പാലക്കാട് മങ്കര മഞ്ഞക്കര വീട്ടിൽ ശ്രീജിൻ (21), എറണാകുളം കുറുപ്പംപടി സ്വദേശികളായ പ്രവീൺ (24), മണികണ്ഠദാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
നവംബർ 30 ന് വടക്കഞ്ചേരി മംഗലംപാലത്തുള്ള വർക് ഷോപ്പിൽ നിന്ന് കാർ മോഷണം പോയിരുന്നു. തുടർന്ന് വടക്കഞ്ചേരി എസ്ഐ കെ.വി. സുധീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കാറും പ്രതികളും പെരുമ്പാവൂരിൽ ഉണ്ടെന്ന് സൂചന ലഭിച്ചു. തുടർന്ന് പെരുമ്പാവൂർ പൊലീസിന്റെ സഹായത്തോടെ പ്രതികളെ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കോട്ടായിയിലെയും കുഴൽമന്ദത്തെയും വർക് ഷോപ്പുകളിൽ നിന്ന് കാർ കവർന്നത് ഇവരാണന്ന് കണ്ടെത്തി.