മാള: സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും പണമടങ്ങിയ ബാഗ് മോഷണം പോയ കേസില്‍ മാള പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാള സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണം പോയ പേഴ്‌സില്‍ ഉണ്ടായിരുന്ന എ ടി എം കാര്‍ഡും മറ്റു രേഖകളും മൊബൈല്‍ ഫോണും തിരിച്ച് കിട്ടി. ആമ്പല്ലൂര്‍ ഓട്ടോസ്റ്റാന്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഇന്നലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കാണ് രേഖകള്‍ ലഭിച്ചത്. അവര്‍ ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ബാഗിന്റ ഉടമസ്ഥ മേരി റിലേഷയുടെ ബന്ധുക്കള്‍ ആമ്പല്ലൂരില്‍ എത്തി രേഖകള്‍ കൈപറ്റി. നഷ്ടപ്പെട്ട മൊബൈല്‍ ഫോണിനായി പോലിസ് ആളൂര്‍പ്രദേശത്ത് കാണിച്ച ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് അന്വേഷണം നടത്തുന്നതിനിടയില്‍ ആളൂര്‍ ബാറിന് പുറകിലെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഫോണ്‍ കണ്ടെത്തി. വഴിയിലൂടെ നടന്ന് പോയ സ്ത്രീക്കാണ് ഫോണ്‍ കിട്ടിയത്. അവര്‍ അടുത്തുള്ള വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പോലിസും ഉടമസ്ഥരും സ്ഥലത്ത് എത്തി ഫോണ്‍ കൈപറ്റി. മാള പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ രണ്ട് ദിവസമായി ആളൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. സി സി ടി വിയില്‍ നിന്നും ലഭിച്ച പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.