കാര്‍ഷിക വിളകളുടെ മോഷണം; നാലു പേര്‍ അറസ്റ്റില്‍

കുരുവിലശ്ശേരി വില്ലേജില്‍ വലിയപറമ്പിലെ ആലങ്ങാട്ടുകാരന്‍ ഹാരിസ് (35), പൊയ്യ പൂപ്പത്തി അപ്പോഴംപറമ്പില്‍ അനന്തകൃഷ്ണന്‍ (18), പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ വട്ടക്കോട്ട കുന്നത്തുമഠത്തില്‍ അശ്വന്‍ കൃഷ്ണ (19), പൊയ്യ ഷാപ്പുംപടി ദേശത്ത് ഏരിമ്മല്‍ അഭയ് (18) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2021-05-24 15:42 GMT

മാള: വിവിധയിടങ്ങളില്‍ കാര്‍ഷിക വിളകള്‍ മോഷണം നടത്തിവന്ന സംഘത്തെ മാള പോലിസ് അറസ്റ്റ് ചെയ്തു. മാള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നു ജാതിക്ക, അടക്ക തുടങ്ങിയ സാധനങ്ങള്‍ മോഷണം നടത്തിയ നാല് പേരാണ് അറസ്റ്റിലായത്.

കുരുവിലശ്ശേരി വില്ലേജില്‍ വലിയപറമ്പിലെ ആലങ്ങാട്ടുകാരന്‍ ഹാരിസ് (35), പൊയ്യ പൂപ്പത്തി അപ്പോഴംപറമ്പില്‍ അനന്തകൃഷ്ണന്‍ (18), പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ വട്ടക്കോട്ട കുന്നത്തുമഠത്തില്‍ അശ്വന്‍ കൃഷ്ണ (19), പൊയ്യ ഷാപ്പുംപടി ദേശത്ത് ഏരിമ്മല്‍ അഭയ് (18) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

നേരത്തെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരവേ കോള്‍ക്കുന്നിലെ നഴ്‌സറിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്നുപേര്‍ നടന്നു പോകുന്നതായി കണ്ടെത്തി. ഇതില്‍ രണ്ടുപേര്‍ മുന്‍പ് മോഷണ കേസുകളില്‍ പെട്ട പൂപ്പത്തിയിലെ അനന്തകൃഷ്ണന്‍, അഭയ് എന്നിവരാണെന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇവര്‍ വീടുകളില്‍ നിന്നും മാറി താമസിക്കുന്നവരാണെന്നും വലിയപറമ്പിലുള്ള ലോഡ്ജിലാണ് താമസമെന്നും വ്യക്തമായി.

ഇതേതുടര്‍ന്ന് ലോഡ്ജിലെത്തി ഇരുവരേയും സ്‌റ്റേഷനിലേക്ക് എത്തിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയില്‍ നിന്നും വിവിധയിടങ്ങളില്‍ നിന്നും ജാതിക്കയും അടക്കയും മോഷണം നടത്തിയതായും വേറെയും പ്രതികളുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് ഹാരിസിന്റേയും അശ്വിന്റേയും വീടുകളിലെത്തി ഇരുവരേയും കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയവ കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 348, 349, 350/21,379, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രതികളെ ഇരിങ്ങാലക്കുടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കയാണ്.

Tags:    

Similar News