'ഹിന്ദുക്കളുടെ ക്ഷമയ്ക്കും ഒരതിരുണ്ടെന്ന്'; മുസ് ലിംവിരുദ്ധപരാമര്‍ശവുമായി കര്‍ണാടക മന്ത്രി
ഷിമോഗ; ഹിന്ദുക്കളെ ക്ഷമ പരീക്ഷിക്കരുതെന്നും അതിനും ഒരതിരുണ്ടെന്നും കര്‍ണാടക ഗ്രാമീണവികസന പഞ്ചായത്തി രാജ് മന്ത്രി കെ എസ് ഈശ്വരപ്പ. മര്‍ദ്ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ വെങ്കടേശിനെ മെഗ്ഗാന്‍ ആശുപത്രിയില്‍ വച്ച് കണ്ടശേഷമാണ് മന്ത്രി പ്രകോപനപരമായ പ്രസ്താവന നടത്തിയത്.
മുസ് ലിംകള്‍ക്കെതിരേ തുറന്ന പ്രസ്താവനയുമായി ഈശ്വരപ്പ രംഗത്തുവരുന്നത് ഇതാദ്യമല്ല. മുസ് ലിം വിരുദ്ധമനോഭാവത്തിന് കുപ്രസിദ്ധനായ മന്ത്രിയാണ് ഇദ്ദേഹം
വെങ്കടേശിനെ ആക്രമിച്ചവരെക്കുറിച്ച് പോലിസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും വര്‍ഗീയവാദികളാണ് അതിനു പിന്നിലെന്നാണ് മന്ത്രിയുടെ ഭാഷ്യം. അതിനെത്തുടര്‍ന്നാണ് മുസ് ലിംകള്‍ക്കെതിരേ പ്രസ്താവന പുറപ്പെടുവിച്ചത്.
'ഹിന്ദു സമൂഹത്തിന്റെ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. അതിരുവിട്ടാല്‍ അത് സമൂഹത്തെ യഥാര്‍ത്ഥ പിളര്‍പ്പിലേക്ക് നയിച്ചേക്കാം'- അദ്ദേഹം പറഞ്ഞു.
മന്ത്രിയെന്ന നിലയിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാപരമായി അധികാരത്തിലെത്തിയ ഒരാള്‍ക്ക് ഈ രീതിയില്‍ നിലപാടെടുക്കാനുള്ള നിയമപരമായ അവകാശമില്ലെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം ആരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞില്ലെങ്കിലും മുസ് ലിം സമൂഹത്തെയാണ് ഉന്നം വയ്ക്കുന്നതെന്ന് പലരും കരുതുന്നു.
'ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തിന് ശേഷം, സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, ചില സമുദായാംഗങ്ങളുടെ ഗുണ്ടാ മനോഭാവം ഇതുവരെ പോയിട്ടില്ല'- മന്ത്രി പറഞ്ഞു.
ഏഴ് ദിവസത്തിനുശേഷം ഇന്നാണ് ഷിമോഗ സാധാരണ നിലയിലേക്ക് വന്നത്. അതിനിടയിലാണ് വെങ്കിടേശിനെതിരേ ആക്രമണം നടന്നത്.