പൊതുവഴിയുണ്ട്, പക്ഷേ, രേഖയിലില്ല; മാള കണ്ണന്‍ചിറ ബണ്ട് റോഡിനെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ ദുരിതത്തില്‍

Update: 2022-02-02 10:24 GMT

മാള: കാറില്‍ യാത്ര ചെയ്യാവുന്ന വീതിയില്‍ പൊതുവഴിയുണ്ടെങ്കിലും ഗ്രാമപഞ്ചായത്തിന്റെ ആസ്തി രേഖകളില്‍ രേഖപ്പെടുത്താത്തതിനാല്‍ പൊതുഫണ്ട് ചെലവഴിക്കാനാവുന്നില്ലെന്ന് പരാതി. പൊയ്യ ഗ്രാമപഞ്ചായത്തില്‍ മാള പൂപ്പത്തി റോഡില്‍ കണ്ണന്‍ചിറയില്‍ നിന്നും പടിഞ്ഞാറോട്ട് പോകുന്ന ബണ്ട് റോഡിനെ ആശ്രയിച്ചുകഴിയുന്നവരാണ് ദുരിതത്തില്‍ കഴിയുന്നത്.

10 അടിയോളം ഉയരത്തില്‍ വശങ്ങളില്‍ പാര്‍ശ്വഭിത്തിയില്ലാത്തതിനാല്‍ ഇതിലൂടെയുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. വര്‍ഷക്കാലങ്ങളിലെ മണ്‍കുഴികളും വെള്ളക്കെട്ടും വഴുക്കലും അപകടസാധ്യത വര്‍ധിപ്പിക്കും. ഏഴ് വര്‍ഷം മുന്‍പാണ് കെഎല്‍ഡിസി ഏഴു കോടിയോളം രൂപ ചെലവഴിച്ചുകൊണ്ട് മാള ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന തോടിനെ പരിപോഷിപ്പിച്ച് പൊയ്യ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയായ എലിച്ചിറവരെ കാര്‍ഷിക അഭിവ്യദ്ധി ഉദ്ദേശിച്ച് ബണ്ട് റോഡ് ആക്കിമാറ്റിയത്.

അഞ്ച് കിലോ മീറ്ററോളം ദൂരം സുഗമമായി ഒഴുകുന്ന ഈ തോടിന്റെ വശങ്ങള്‍ മണ്ണടിച്ച് ഉയര്‍ത്തിയാണ് ബണ്ട് റോഡ് നിര്‍മിച്ചിരിക്കുന്നത്.

എന്നാല്‍ ബണ്ട് നിര്‍മാണ വേളയില്‍ ഭൂഉടകളുടെ സമ്മതപത്രം വാങ്ങാതെയാണ് ബണ്ട് നിര്‍മിച്ചതെന്ന് അക്ഷേപമുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ രേഖകളിലോ ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിലോ ഉള്‍പ്പെടാത്തതെന്ന് പറയുന്നു.

എന്നാല്‍ അധികൃതരുടെ വീഴ്ച കൊണ്ട് സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം തടയപ്പെടരുതെന്നും അധികൃതര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.

Similar News