സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗം; ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദപ്രകടനം ഒഴിവാക്കാനും തീരുമാനം; കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഏഴരയ്ക്ക് അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും. ശനി,ഞായര്‍ ദിവസങ്ങളിലെ മിനി ലോക്ക്ഡൗണ്‍ തുടരും. കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഏഴരയ്ക്ക് അടയ്ക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദപ്രകടനം ഒഴിവാക്കാനും അണികളെ അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. രാത്രികാല കര്‍ഫ്യു തുടരും.
ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. ജില്ലാ കലക്ടര്‍മാര്‍ സമുദായ നേതാക്കന്മാരുടെ യോഗം വിളിച്ച് സര്‍വകക്ഷി യോഗ നിര്‍ദ്ദേശങ്ങള്‍ അറിയിക്കണമെന്നും യോഗം തീരുമാനിച്ചു. നിലവിലുളള നിയന്ത്രണങ്ങള്‍ അതേപടി തുടരും. കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായത്. ലോക്ഡൗണിലേക്ക് പോവുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. ഇതുപരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന നിലപാടിലേക്ക് യോഗം എത്തിച്ചേര്‍ന്നത്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് യോഗത്തില്‍ ആവശ്യപ്പെട്ടു.