കളമശ്ശേരി സ്‌ഫോടന പരമ്പര: വിഷവിത്തുകള്‍ വിതക്കുന്നത് ചെറുത്തുതോല്‍പ്പിക്കും; പ്രമേയം പാസാക്കി സര്‍വകക്ഷി യോഗം
തിരുവനന്തപുരം: മൂന്നുപേരുടെ ദാരുണമരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കളമശ്ശേരി ബോംബ് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം സമാധാന അന്തരീക്ഷം പുലര്‍ത്താനായുള്ള പ്രമേയം ഐക്യകണ്‌ഠ്യേന അംഗീകരിച്ചു. പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കും എന്ന് പ്രമേയത്തില്‍ വ്യക്തമാക്കി. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകള്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ് എന്ന് മനസ്സിലാക്കണമെന്ന് ഈ യോഗം വിലയിരുത്തുന്നതായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
സര്‍വകക്ഷിയോഗം അംഗീകരിച്ച പ്രമേയം
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവര്‍ത്തിത്വത്തിന്റെയും സവിശേഷ സാമൂഹിക സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവന്‍ കൊടുത്തും നിലനിര്‍ത്താന്‍ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയര്‍ക്കുള്ളത്. എന്നാല്‍, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹിക സാഹചര്യത്തില്‍ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാന്‍ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മള്‍ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോവുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കും എന്ന് ഈ യോഗം വ്യക്തമാക്കുന്നു.
പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കും എന്ന് ഈ യോഗം ഐക്യകണ്‌ഠ്യേന വ്യക്തമാക്കുന്നു. ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനുമുള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുന്‍കൈ നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാവണം. എല്ലാ ജാതിമത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹികസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നിനില്‍ക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഇവിടെ ഉറപ്പുണ്ടാവും.
ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകള്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ് എന്ന് മനസ്സിലാക്കണമെന്ന് ഈ യോഗം വിലയിരുത്തുന്നു. ഈ ചിന്ത സമൂഹത്തിലാകെ പടര്‍ത്താന്‍ പ്രതിബദ്ധമായ ശ്രമങ്ങള്‍ക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിക്കുന്നു.
ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുന്‍നിര്‍ത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജനങ്ങളോടാകെ അഭ്യര്‍ത്ഥിക്കുന്നു. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടര്‍ത്തലിലും പെട്ടുപോവാതിരിക്കാന്‍ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാവണമെന്ന് ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു. കിംവദന്തികള്‍ പടര്‍ത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസ്സിലും ഉണ്ടാവണം. സമാധാനവും സമുദായ സൗഹാര്‍ദ്ദവും ഭേദചിന്തകള്‍ക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോവുമെന്നും ഇക്കാര്യത്തില്‍ കേരളം ഒറ്റ മനസ്സാണെന്നും ഈ യോഗം ഐക്യകണ്‌ഠ്യേന വ്യക്തമാക്കുന്നു.