തന്റെ പേരില്‍ ഗ്രൂപ്പില്ല; കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്നും വിഡി സതീശന്‍

ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. ഇപ്പോള്‍ പറയുന്നില്ല.

Update: 2022-03-03 09:30 GMT

തിരുവനന്തപുരം: തന്റെ പേരില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തന്റെ പേരില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ല. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചര്‍ച്ച നടത്തി ഉടന്‍ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ പറഞ്ഞു.

ഡിസിസി പുനസംഘടന നിര്‍ത്തിവെച്ചതില്‍ ക്ഷുഭിതനായി സ്ഥാനമൊഴിയാന്‍ വരെ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റുമായി സതീശന്‍ അനുകൂലികള്‍ ഇന്നലെ മുതല്‍ ചര്‍ച്ചയിലാണ്. എ പി അനില്‍കുമാര്‍ അടക്കം സതീശനെ പിന്തുണക്കുന്ന നേതാക്കളും സുധാകരനും തമ്മില്‍ കരട് പട്ടികയിന്മേല്‍ കൂടിയാലോചന തുടരുകയാണ്. ചെറിയ ചില മാറ്റങ്ങള്‍ക്ക് സുധാകരന്‍ തയ്യാറാണെങ്കിലും കെസി-വിഡി അപ്രമാദിത്വം അംഗീകരിക്കാനികില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു. അതിനിടെയാണ് കെസി-വിഡി ചേരിക്കെതിരെ സുധാകരനൊപ്പം ചെന്നിത്തലയും മുരളീധരനും കൈകോര്‍ക്കുന്നത്. മുരളിയും ചെന്നിത്തലയും തമ്മിലെ തര്‍ക്കം കൂടി തീര്‍ത്താണ് പഴയ ഐ ക്കാരുടെ യോജിപ്പ്. പുനസംഘടന നിര്‍ത്താന്‍ എഐസിസി പറഞ്ഞ എംപിമാരുടെ പരാതിയെ സംശയിച്ച സുധാകരന്റെ നിലപാടിനൊപ്പമാണ് ഇരുവരും.

അതേസമയം, കെസി-വിഡി ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നില്‍ ചെന്നിത്തല ആണെന്നാണ് സതീശന്‍ പറയുന്നത്. സുധാകരനെ ഒപ്പം നിര്‍ത്തി ചെന്നിത്തലയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് പരാതി. പരാതികള്‍ ഐ ഗ്രൂപ്പ് തള്ളുമ്പോള്‍ കരട് പട്ടികയില്‍ പരാതികളുണ്ടെന്നും അത് തീര്‍ക്കണമെന്നുമാണ് എ ഗ്രൂപ്പ് നിലപാട്. സംഘടനാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ ഡിസിസി പുനസംഘടനയിലൂടെ പദവി ലഭിക്കുന്നവര്‍ക്ക് പ്രവര്‍ത്തനത്തിന് കുറഞ്ഞ സമയം മാത്രമേ കിട്ടു. ഒരു താല്‍ക്കാലിക സംവിധാനം സമവായത്തിലൂടെ ഉണ്ടാക്കാന്‍ പോലും പുതിയ നേതൃത്വത്തിന് കഴിയാത്തതില്‍ എഐസിസിക്കും അണികള്‍ക്കും അമര്‍ഷമുണ്ട്.

Tags:    

Similar News