തിരുവനന്തപുരം വിമാനത്താവളം: കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരേ എളമരം കരീം എംപിയുടെ അവകാശലംഘന നോട്ടിസ്
സഭാ ചട്ടം 187 പ്രകാരം രാജ്യസഭാ സെക്രെട്ടറി ജെനറലിനാണ് നോട്ടിസ് നല്‍കിയത്.
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നല്‍കിയതിന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരേ സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അവകാശലംഘന നോട്ടിസ് നല്‍കി. സഭാ ചട്ടം 187 പ്രകാരം രാജ്യസഭാ സെക്രെട്ടറി ജെനറലിനാണ് നോട്ടിസ് നല്‍കിയത്.
ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് തന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയില്‍ രേഖാമൂലം പ്രസ്താവന നടത്തിയത്. എന്നാല്‍ വിമാനത്താവളവും അനുബന്ധമായുള്ള ഭൂമിയും 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കി കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്.
പാട്ടത്തിന് നല്‍കാനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് രാജ്യസഭയില്‍ മാര്‍ച്ച് മാസം 11ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 1936ന് മറുപടിയായി വ്യോമയാന മന്ത്രി പ്രസ്താവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഏത് നടപടിയും കേരള ഹൈക്കോടതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ ഉണ്ടാവുകയുള്ളു എന്ന് മന്ത്രിയും സര്‍ക്കാരും ഈ പ്രസ്താവനയിലൂടെ പാര്‍ലമെന്റിനെയും ജനങ്ങളെയും വിശ്വസിപ്പിച്ചു.
ഇതിന് കടകവിരുദ്ധമായാണ് നിലവിലെ തീരുമാനം വന്നിരിക്കുന്നത്. അതായത്, പാര്‍ലമെന്റിനെയും അതുവഴി ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ മന്ത്രി മനപ്പൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഈ മറുപടി ശരിയായിരുന്നു എന്ന് വാദിക്കുകയാണെങ്കില്‍, മന്ത്രിയും സര്‍ക്കാരും സഭയില്‍ നല്‍കിയ രേഖാമൂലമുള്ള പ്രസ്താവന ലംഘിച്ചു എന്നാവും. രണ്ടായാലും സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും നഗ്‌നമായ ലംഘനമാണ് വ്യോമയാന മന്ത്രി നടത്തിയത്. സഭാചട്ടങ്ങള്‍ അനുസരിച്ച് ഹര്‍ദീപ് സിംഗ് പുരി നടത്തിയത് അവകാശലംഘനവും സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റിനെ അവഹേളിക്കുന്ന തരത്തിലുള്ളതുമാണ്. അതിനാല്‍ രാജ്യസഭാ നടപടിക്രമങ്ങളിലെ 187 മുതല്‍ 203 വരെയുള്ള ചട്ടങ്ങള്‍ അനുസരിച്ച് ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നോട്ടിസില്‍ ആവശ്യപ്പെട്ടു.