2019ല്‍ ബിജെപി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഇല്ല: സാക്ഷി മഹാരാജ്
താനൊരു സന്യാസിയാണെന്നും ഭാവി കാര്യങ്ങള്‍ കാണാന്‍ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി മഹാരാജ് ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ അവസാനത്തേതാകുമെന്നും പറഞ്ഞു.
ലഖ്‌നൗ: ഇത്തവണ ബിജെപി തിരിച്ചുവന്നാല്‍ 2024 മുതല്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഉന്നാവോ ബിജെപി എംപി സാക്ഷി മഹാരാജ്. ഉന്നാവോ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് അതീവ ഗുരുതരമായ പ്രസ്താവനകള്‍ നടത്തിയത്. താനൊരു സന്യാസിയാണെന്നും ഭാവി കാര്യങ്ങള്‍ കാണാന്‍ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി മഹാരാജ് ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ അവസാനത്തേതാകുമെന്നും പറഞ്ഞു. എന്നാല്‍ സാക്ഷി മഹാരാജിന്റെ വാക്കുകള്‍ ഗൗരവത്തിലെടുക്കേണ്ടതില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
പൊതു തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപി കനത്ത വില നല്‍കേണ്ടി വരുമെന്ന് നേരത്തെ സാക്ഷി മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഉന്നാവോ മണ്ഡലത്തില്‍ തന്നെ മല്‍സരിപ്പിക്കുമെന്നുള്ള വിശ്വാസമുണ്ടെന്ന് പിന്നീട് പറഞ്ഞ മഹാരാജ്, ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും അറിയിച്ചു. 2019ല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍, അടുത്ത അമ്പത് വര്‍ഷത്തേക്ക് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനാവില്ലെന്ന് നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.