മുസ്‌ലിം വിരുദ്ധതയില്‍ അഭിരമിക്കുന്ന സാക്ഷി മഹാരാജ്
നിരന്തരം മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന സാക്ഷിക്കെതിരെ ബാബരി മസ്ജിദ് തകര്‍ത്തതടക്കം 34 കേസുകളാണ് നിലവിലുള്ളത്
ന്യുഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ഹിന്ദു സന്യാസി സാക്ഷി മഹാരാജ് ലോക്‌സഭയിലുണ്ടാകും. നിരന്തരം മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന സാക്ഷിക്കെതിരെ ബാബരി മസ്ജിദ് തകര്‍ത്തതടക്കം 34 കേസുകളാണ് നിലവിലുള്ളത്. സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് രണ്ട് കേസുകളില്‍ അദ്ദേഹം പ്രതിയെന്ന് ആരോപിക്കപ്പെട്ടിരുന്നു.
സ്വാമി സച്ചിദാനന്ദ് ഹരി സാക്ഷി മഹാരാജ് എന്നാണ് സാക്ഷി മഹാരാജിന്റെ പൂര്‍ണമായ പേര്. ഉത്തര്‍ പ്രദേശില്‍ 1956ല്‍ ജനിച്ച സാക്ഷി മഹാരാജ് അവിവാഹിതനാണ്. രാജ്യത്ത് പലയിടത്തായി വിദ്യാഭ്യാസ സ്ഥാനങ്ങള്‍ സാക്ഷി മഹാരാജ് ഗ്രൂപ്പിന്റെ പേരില്‍ നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ഇരുനൂറിനടുത്ത് സ്ഥാപനങ്ങളുടെയും ആശ്രമങ്ങളുടെയും ഉടമസ്ഥന്‍ കൂടിയാണ് ഇദ്ദേഹം.
1996ലും 1998ലും ഫറൂഖാബാദില്‍ നിന്നും സാക്ഷി മഹാരാജ് ജയിച്ച് ലോക്‌സഭയില്‍ എത്തി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രമുഖ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. 1999ല്‍ ബിജെപിയോട് ഉടക്കി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സാക്ഷി മഹാരാജ് മത്സരിച്ചിരുന്നു.
1999 ലാണ് കോളേജ് പ്രിന്‍സിപ്പലായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ സാക്ഷി മഹാരാജും അനന്തരവന്മാരും കുടുങ്ങിയത്. കേസില്‍ ഒരു മാസത്തോളം സാക്ഷി മഹാരാജ് തീഹാര്‍ ജയിലില്‍ വിചാരണ തടവുകാരനായി കിടന്നു. തെളിവുകളുടെ അഭാവത്തില്‍ ആ കേസില്‍ നിന്ന് സാക്ഷി മഹാരാജ് കുറ്റവിമുക്തനായി. ബിജെപിയിലേക്ക് വീണ്ടും ചേക്കേറിയതിന് പിന്നാലെയാണ് കേസില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്.
രാജ്യസഭാ എംപി എന്ന നിലയ്ക്കുളള ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സഭ സാക്ഷി മഹാരാജിനെ വോട്ടിനിട്ട് പുറത്താക്കിയത് 2005 ലായിരുന്നു. രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം മുസ്‌ലിംകള്‍ ആണെന്ന് സാക്ഷി മഹാരാജ് പ്രസംഗിച്ചത് വിവാദമായിരുന്നു. മദ്രസകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന ഇടങ്ങളാണെന്നും പറഞ്ഞ് അദ്ദേഹം സംഘപരിവാരത്തിന്റെ മുസ്‌ലിം വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിച്ചു. ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ വിഗ്രഹമുണ്ടെന്ന് പ്രസംഗിച്ചും സാക്ഷി മഹാരാജ് രംഗത്ത് വന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹി ആയിരുന്നെന്ന മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ പ്രഗ്യ സിങ് ഠാക്കൂര്‍ രംഗത്ത് വന്നപ്പോള്‍ അതിനെ പിന്തുണച്ചും അദ്ദേഹം മുന്നോട്ട് വന്നിരുന്നു. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കാറുള്ള വിരാട് ഹിന്ദു സമ്മേളനത്തില്‍ 1991ല്‍ അധ്യക്ഷന്‍ ആയിരുന്നു സാക്ഷി മഹാരാജ്.