വേനല്‍ പിടിമുറുക്കുന്നു, ഒഴുക്ക് നിലച്ച് തുത പുഴ; ശുദ്ധജലക്ഷാമം രൂക്ഷമാകും

മൂര്‍ക്കനാട് പഴയപള്ളി പൊട്ടിക്കുഴി ഭാഗങ്ങളില്‍ കിണറുകളില്‍ വെളളം ആശങ്കയേറ്റും വിധം താഴ്ന്നനിലയിലാണുള്ളത്. ഇതോടെ വരും ദിനങ്ങളില്‍ പുഴയോരവാസികള്‍ക്ക് കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് നാട്ടുകാര്‍ പറയുന്നു.

Update: 2019-02-20 13:03 GMT

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: വേനല്‍ പിടിമുറുക്കി. കഠിനമായ ചൂടില്‍ തുത പുഴയില്‍ ഒഴുക്ക് നിലച്ചു. പുഴയോര വാസികള്‍ കടുത്ത ജലക്ഷാമത്തിലേക്ക്. പുഴയുടെ വിവിധ ഭാഗങ്ങള്‍ തിരിമുറിഞ്ഞു ഒഴുക്ക് നിലച്ചതോടെ പുഴയോട് ചേര്‍ന്ന പുരയിടങ്ങളിലെ കിണറുകള്‍ പോലും വറ്റിയ നിലയിലാണ്.പുഴയോര വാസികളില്‍ മൂര്‍ക്കനാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്നത്. മൂര്‍ക്കനാട് വടക്കുംപുറത്തെ പമ്പ് ഹൗസിനു സമീപം പുഴയില്‍ താത്കാലിക തടയണ പണിതതോടെ പുഴയുടെ താഴ്ഭാഗത്ത് ഒഴുക്ക് നിലച്ചിട്ട് ദിവസങ്ങളായി. ഇതോടെ മൂര്‍ക്കനാട് പഴയപള്ളി പൊട്ടിക്കുഴി ഭാഗങ്ങളില്‍ കിണറുകളില്‍ വെളളം ആശങ്കയേറ്റും വിധം താഴ്ന്നനിലയിലാണുള്ളത്. ഇതോടെ വരും ദിനങ്ങളില്‍ പുഴയോരവാസികള്‍ക്ക് കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് നാട്ടുകാര്‍ പറയുന്നു.

പുലാമന്തോള്‍ തടയണ തകര്‍ന്നതോടെ പുലാമന്തോള്‍ വിളയൂര്‍ കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ പല കുടിവെള്ളപദ്ധതികളും അവതാളത്തിലായതും ഈ വേനല്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് തൂതപ്പുഴയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ പറഞ്ഞു കേട്ടിരുന്ന മൂതി കയം റെഗുലേറ്റര്‍ തിരുവേഗപ്പുറ റെഗുലേറ്റര്‍ എന്നിവയൊന്നും യഥാര്‍ത്ഥ്യമാവാത്തതിനാല്‍ പുഴയെ ആശ്രയിക്കുന്ന നിരവധി കുടിവെള്ളപദ്ധതികള്‍ വരും ദിനങ്ങളില്‍ നിറുത്തിവെക്കേണ്ടി വരുമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് നിറഞ്ഞൊഴുകിയ പുഴയാണ് മുന്‍കാലങ്ങളെ അപേക്ഷിച്ചു വളരെ വേഗത്തില്‍ വറ്റിവരണ്ടത്. മലപ്പുറം പാലക്കാട് ജില്ലകളുടെ പ്രധാന ജലസ്രോതസ്സ് ആയ തൂത പുഴയില്‍ പുലാമന്തോള്‍ തടയണക്ക് താഴെ തിരുവേഗപ്പുറ വരേയുള്ള ഭാഗങ്ങളില്‍ സ്ഥിരം തടയണകളോ മറ്റോ ഇല്ലാത്തത് ഈ ഭാഗങ്ങളില്‍ വേനലാവുന്നതോടെ പുഴ വറ്റിവരളുന്നതിന് പ്രധാന കാരണമാകുന്നുണ്ട്.

വേനലില്‍ മണല്‍ച്ചാക്കുകളും മറ്റുമായി താത്കാലിക തടയണകള്‍ പലഭാഗങ്ങളിലും നിര്‍മിക്കാറുണ്ടെങ്കിലും വരള്‍ച്ചക്ക് പ്രതിവിധിയായി ഇതൊന്നും കാര്യക്ഷമമാകാറില്ല. പുലാമന്തോള്‍ വിളയൂര്‍ മൂര്‍ക്കനാട് തിരുവേഗപ്പുറ പഞ്ചായത്തുകളിലായി അനവധി ശുദ്ധജല പദ്ധതികളാണ് പുഴയെ ആശ്രയിച്ചുനിലകൊള്ളുന്നത്. പുഴയിലെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ചു ഒരുമാസത്തില്‍ താഴെ ഉപയോഗിക്കാനുള്ള വെള്ളമാണ് പുഴയിലുള്ളതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മൂര്‍ക്കനാട് തിരുവേഗപ്പുറ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്ന സ്ഥിരം തടയണകള്‍ നിര്‍മിക്കാതെ പുഴയിലെ വരള്‍ച്ചക്ക് ശ്വാസതപരിഹാരമാകില്ലെന്നും പുഴയോരവാസികള്‍ പറയുന്നുണ്ട്

Tags:    

Similar News