തിരുവനന്തപുരം: ബിജെപിക്ക് കഴിഞ്ഞതവണ വോട്ടുചെയ്ത മുപ്പത്തൊന്നു ശതമാനം പേര്‍ മാനസികമായി തകര്‍ന്നുവെന്നും അതുകൊണ്ട് നരേന്ദ്രമോദി ഇനി അധികാരത്തില്‍ വരില്ലെന്നും ഗുജറാത്ത് എംഎല്‍എയും ദലിത് പ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനി. മോദിയെ പുറത്താക്കാന്‍ രാജ്യവ്യാപക പ്രചരണം നടത്തുമെന്നും ഇടതു പക്ഷത്തിന് കേന്ദ്രത്തില്‍ നിര്‍ണായക പങ്കുണ്ടാകുമെന്നും ജിഗ്‌നേഷ് മേവാനി തിരുവനന്തപുരത്ത് സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ യുവാക്കളെ തഴഞ്ഞ സര്‍ക്കാരാണ് അധികാരത്തിലുള്ളത്. പ്രതിവര്‍ഷം 2ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനം നരേന്ദ്രമോദി നടപ്പാക്കിയില്ല. മന്ദിര്‍, മസ്ജിദ് മാത്രമാണ് പ്രധാനമന്ത്രിയുടെ നാവില്‍. ഈ തിരഞ്ഞെടുപ്പ് മോദിയും യുവാക്കളും തമ്മിലുള്ള പോരാട്ടമാകും. പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ യുവജന സഭ സംഘടിപ്പിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മല്‍സരിക്കുമെന്ന അഭ്യൂഹം ജിഗ്‌നേഷ് മേവാനി തള്ളി. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പറയാന്‍ താന്‍ ആളല്ല. ഭരണഘടനയെ മാനിക്കാത്ത വിഭജിത രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന ബിജെപിയെ പരാജയപ്പെടുത്തുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.