അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും ദലിത് നേതാവും സിറ്റിങ് എംഎല്‍എയുമായ ജിഗ്‌നേശ് മേവാനി വദ്ഗാം മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചു. ബിജെപിയുടെ മണിഭായ് ജേതാഭായ് വഗേലയെയും എഎപിയുടെ സ്ഥാനാര്‍ഥി ദല്‍പത്ഭായ് ദഹ്യാഭായ് ഭാട്ടിയയെയും പരാജയപ്പെടുത്തിയാണ് സീറ്റ് നിലനിര്‍ത്തിയത്. 94,765 വോട്ടുകളാണ് മേവാനി നേടിയത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ഥി മിനിഭായ് ജേതാഭായ് വഗേലയ്ക്ക് ലഭിച്ചത് 89,837 വോട്ടുകളാണ്. ആം ആദ്മി പാര്‍ട്ടി (എഎപി) സ്ഥാനാര്‍ഥി ദലപത്ഭായ് 4493 വോട്ടുകള്‍ നേടി. 4,928 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേവാനിയുടെ മണ്ഡലത്തിലെ രണ്ടാമൂഴം.
2017ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര എംഎല്‍എ ആയാണ് മേവാനി വദ്ഗാമില്‍നിന്ന് വിജയിച്ചത്. അന്ന് മേവാനിക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഇവിടെ സ്വന്തം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചിരുന്നില്ല. ദലിതരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചിന്റെ കണ്‍വീനര്‍ കൂടിയാണ് മേവാനി. എസ്‌സി സംവരണ മണ്ഡലമായ വദ്ഗാമില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ആകെയുള്ള 2.94 ലക്ഷം വോട്ടര്‍മാരില്‍ 90,000 പേരും മുസ്‌ലിംകളാണ്. 44,000 വോട്ടര്‍മാര്‍ ദലിത് സമുദായത്തില്‍നിന്നുള്ളവരും 15,000 വോട്ടര്‍മാര്‍ രജ്പുത് സമുദായക്കാരുമാണ്. ബാക്കിയുള്ളവര്‍ ഭൂരിഭാഗവും പിന്നാക്ക വിഭാഗക്കാരാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലെ ആകെ പോളിങ് ശതമാനം 64 ശതമാനത്തിലേറെയായിരുന്നു. ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റില്‍ 157 മണ്ഡലങ്ങളിലും ആധിപത്യം പുലര്‍ത്തിയാണ് ബിജെപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 17 സീറ്റുകള്‍ മാത്രമാണ് നേടാനായത്. തനിക്ക് 'പോസിറ്റീവ് ആധിപത്യം' നല്‍കിയതിന് വദ്ഗാമിലെ ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ മേവാനി നന്ദി പറഞ്ഞു. ഈ വിജയം തന്റെ ഘടകകക്ഷികള്‍ നല്‍കിയ വിശ്വാസത്തെ കാണിക്കുന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ലക്ഷ്യം മുന്നോട്ടുകൊണ്ടുപോവാനുള്ള ഉത്തരവാദിത്തവും തന്റെ മേല്‍ വന്നിരിക്കുന്നു- അദ്ദേഹം കുറിച്ചു.