മൂന്നരവയസ്സുകാരന്‍ പൊള്ളലേറ്റ നിലയില്‍; മാതാവും കാമുകനും കസ്റ്റഡിയില്‍
മുഖത്തും കാലിലും മര്‍ദ്ദനമേറ്റ നിലയിലും മുഖത്തും മൂക്കിലും തൊലി പൊള്ളിയ നിലയിലുമാണ് കണ്ടെത്തിയത്
കോഴിക്കോട്: മൂന്നര വയസ്സുകാരനെ പൊള്ളലേറ്റ പരിക്കുകളോടെ കണ്ടെത്തി. കോഴിക്കോട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്കൊപ്പമുണ്ടായിരുന്ന മകനെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മുഖത്തും കാലിലും മര്‍ദ്ദനമേറ്റ നിലയിലും മുഖത്തും മൂക്കിലും തൊലി പൊള്ളിയ നിലയിലുമാണ് കണ്ടെത്തിയത്. മുഖത്തിന്റെ ഒരു ഭാഗത്തും മൂക്കിലും കൈക്കുമെല്ലാം പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ പൊള്ളിച്ചതാണെന്ന സംശയത്തെ തുടര്‍ന്ന് മാതാവിനെയും കാമുകനെയും നടക്കാവ് പോലിസ് കസ്റ്റഡിയിലെടുത്തു. അപകടം സംഭവിച്ചതാണെന്നാണ് ഇരുവരുടെയും മൊഴി. എന്നാല്‍, ഇരുവരും ചേര്‍ന്ന് കുട്ടിയെ പൊള്ളലേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതാണെന്ന് പിതാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ പരിക്കുകളുടെ സ്വഭാവവും പൊള്ളലേറ്റതിനു സമാനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയെയും കാമുകനെയും നടക്കാവ് സിഐ എ വി പ്രദീപ് ചോദ്യം ചെയ്തുവരികയാണ്. ഏപ്രില്‍ 27നു പാലക്കാട് നിന്നാണ് യുവതി സഹോദര പുത്രനോടൊപ്പം ഒളിച്ചോടിയത്. തുടര്‍ന്നു ഭര്‍ത്താവിന്റെ പരാതിയില്‍ പാലക്കാട് പോലിസ് അന്വേഷണം നടത്തുന്നതിനിടെ, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധയ്ക്ക് വിധേയമാക്കി.