ഛത്തിസ്ഗഢില്‍ ജെഴ്‌സിപ്പശുവിന് പിറന്നത് മൂന്ന് കണ്ണുള്ള പശുക്കുട്ടി; ദൈവാവതാരമെന്ന് ഗ്രാമീണര്‍
റാഞ്ചി; ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവില്‍ ജെഴ്‌സിപ്പശു പ്രസവിച്ചത് മൂന്ന് കണ്ണുള്ള പശുക്കുട്ടിയെ. പശുക്കുട്ടിക്ക് നാല് നാസാരന്ധ്രവുമുണ്ട്.
വാര്‍ത്ത പുറത്തുവന്നതോടെ പശുപ്പിറവിയുണ്ടായ കര്‍ഷകന്റെ വീട്ടില്‍ ആളുകളുടെ വലിയ വരി രൂപം കൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ അവതാരമാണെന്നാണ് ഗ്രാമീണര്‍ പറയുന്നത്.
നവജോ ലോധി ഗ്രാമത്തിലെ ഹേമന്ദ് ഛണ്ടലിന്റെ ജെഴ്‌സിപ്പശു ജനുവരി 13നാണ് പ്രസവിച്ചത്.
നെറ്റിയുടെ നടുവിലായാണ് കണ്ണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സാധാരണ പശുക്കുട്ടികളേക്കാള്‍ നീളമുള്ള നാവുണ്ട്. പശുക്കുട്ടിക്ക് വേറെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. നാവിന് നീളക്കൂടുതലുള്ളതുകൊണ്ട് പാല് കുടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ജഴ്‌സിപ്പശു നേരത്തെ മൂന്ന് തവണ പ്രസവിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള കിടാവ് ജനിക്കുന്നത് ഇതാദ്യമാണ്.
'അപൂര്‍വമായ ശരീരഘടനയോടെ ജനിച്ച പശുക്കുട്ടി എല്ലാവരേയും അത്ഭുതപ്പെടുത്തി. സര്‍വ്വശക്തന്‍ ഞങ്ങളുടെ വീട്ടില്‍ ജനിച്ചുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- ഹേമന്ദ് കൂട്ടിച്ചേര്‍ത്തു.
പശുക്കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ, സമീപ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്നവര്‍ ചന്ദേലിന്റെ വീട് സന്ദര്‍ശിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. പശുക്കുട്ടി ശിവന്റെ അവതാരമാണെന്നാണ് പ്രചാരണം. പലരും നാളികേരവും പുഷ്പങ്ങളുമായാണ് വന്നിരിക്കുന്നത്.
ഭ്രൂണത്തിന്റെ അസാധാരണമായ വളര്‍ച്ചയാണ് കാരണമെന്ന് വെറ്റിനറി ഡോക്ടര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗ്രാമീണര്‍ അത് അംഗീകരിച്ചിട്ടില്ല.