തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു
വാഷിങ്ടൺ: തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാർ മുങ്ങിമരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് 3.35ഓടെയാണ് അരിസോണയിലെ കൊകനിനോ കൗണ്ടിയിൽ വൂഡ്സ് കാന്യൻ തടാകത്തിലാണ് 'മൂവരും മുങ്ങിമരിച്ചത്.
മുദ്ദന നാരായണ റാവു (49), ഗോകുൽ മെഡിസേതി, ഹരിത മുദ്ദന എന്നിവരാണ് മരണപ്പെട്ടത്. അരിസോണയിലെ ചാൻഡ്ലറിലാണ് ഇവർ താമസിച്ചിരുന്നത്.
ഹരിതയെ തടാകത്തിൽ നിന്ന് ജീവനോടെ പുറത്തെടുത്ത് പ്രഥമശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. നാരായണിന്റേയും ഗോകുലിന്റേയും മൃതദേഹം ചൊവ്വാഴ്ചയോടെയാണ് പുറത്തെടുക്കാൻ സാധിച്ചത്.ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ളവരാണ് മുദ്ദന നാരായണയും ഹരിതയും. ഇരുവരുംഭാര്യാഭർത്താക്കന്മാരാണ്. വിശാഖപട്ടണം സ്വദേശിയാണ് ഗോകുൽ.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തടാകം സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ. സോഫ്റ്റ് വെയർ കമ്പനിയിലെ ജോലിക്കാരനാണ് നാരായണ റാവു. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.