തൃക്കാക്കര തിരഞ്ഞെടുപ്പ് പരാജയം: കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് സിപിഎം കേന്ദ്രനേതൃത്വം വിയോജിച്ചേക്കും
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ കെ റെയില്‍ നടപ്പിലാക്കുന്നത് തൃക്കാക്കര ഫലത്തെ ആശ്രയിച്ച് മതിയെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്തതോല്‍വി ഏറ്റുവാങ്ങിയതോടെ കേരള സിപിഎമ്മിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരേ സിപിഎം കേന്ദ്രം നേതൃത്വം തിരിഞ്ഞേക്കും. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ കെ റെയില്‍ നടപ്പിലാക്കുന്നത് തൃക്കാക്കര ഫലത്തെ ആശ്രയിച്ച് മതിയെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രനേതൃത്വത്തില്‍, പ്രത്യേകിച്ച് പിബിയില്‍ ഏതാണ്ട് ഭൂരിപക്ഷം പേര്‍ക്കും ഇതേ അഭിപ്രായമാണ്. കേരളത്തില്‍ നിന്നുള്ള ഒരു പിബി അംഗത്തിനും ഇതേ നിലപാട് തന്നെയാണ് കെറെയില്‍ സംബന്ധിച്ചുള്ളത്.
കെറെയില്‍ തൃക്കാക്കര തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്നതിന് നിരവധി ഘടകങ്ങളുണ്ട്. നഗരകേന്ദ്രീകൃതമായ തൃക്കാക്കരയില്‍ കെ റെയില്‍ പോലുള്ള വമ്പന്‍ വികസനപദ്ധതിയ്ക്ക് വലിയ സ്വീകാര്യതയില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. നഗര കേന്ദ്രീകൃതമായ തൃക്കാര മണ്ഡലത്തിലുള്ളവര്‍ക്ക് പോലും പദ്ധതിയോട് താല്‍പര്യമില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല എന്നാണ് സിപിഎം കേന്ദ്രം നേതൃത്വത്തിന്റെ നേരത്തെ തന്നെയുള്ള വിലയിരുത്തല്‍. മാത്രമല്ല ജനങ്ങളെ ശത്രുപക്ഷത്താക്കുന്ന വികസന പദ്ധതികള്‍ വേണ്ടന്നാണ് സിപിഎം പിബി അംഗം എംഎ ബേബിയും വ്യക്തമാക്കിയത്.
കെ റെയില്‍ പ്രചരണത്തിനുപയോഗിക്കുന്നത് തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് ധാരണയുണ്ടായിരുന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പ് വേളയില്‍ അതിരടയാള കല്ലിടല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നത്. കല്ലിടല്‍ വലിയ ക്രമസമാധാനപ്രശ്‌നമായി മാറുമെന്ന് സിപിഎമ്മിന് കൃത്യമായ ധാരണയുണ്ടായിരുന്നു. നേരത്തെ തന്നെ പോലിസും സമരക്കാരുമായുള്ള സംഘര്‍ഷങ്ങള്‍ തിരഞ്ഞെടുപ്പ് വേളയില്‍ തുടരുന്നത് ഗുണകരമാവില്ല എന്നു തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ കല്ലിടല്‍ തിരഞ്ഞെടുപ്പ് കാലത്ത് പൂര്‍ണമായും നിര്‍ത്തിവച്ചത്.
തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒരു ഘട്ടത്തിലും സിപിഎം കെറെയില്‍ തിരഞ്ഞെടുപ്പ് വിഷയമാക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരസ്യങ്ങളില്‍ നിന്ന് പോലും കെ റെയില്‍ പദ്ധതി പ്രമോഷന്‍ ഒഴിവാക്കിയിരുന്നു.
തൃക്കാക്കര മണ്ഡലത്തിലാണ് കെ റെയില്‍ പദ്ധതി പ്രകാരമുള്ള പ്രധാന സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ റെയില്‍ സംബന്ധിച്ച് പറഞ്ഞത്, അനുമതി ലഭിച്ച് കഴിഞ്ഞാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ്. കെ റെയിലിന് മേലുള്ള ഹിതപരിശോധനയല്ല തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ പാര്‍ട്ടി സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. അതില്‍ നിന്നുള്ള മലക്കം മറിച്ചിലാണ് ഇന്നത്തെ വാര്‍ത്താസമ്മേളനം.
പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി റെയില്‍വേ ബോര്‍ഡ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സര്‍വേ നടത്താനായി കല്ലിടാന്‍ അനുമതി തേടിയിരുന്നില്ല. കേന്ദ്ര ധനമന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരമുള്ള സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍വേ നടത്തുന്നതിന്റെ പേരില്‍ കല്ലിടുന്നതിനെതിരേയുള്ള ഹരജിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഈ പശ്ചാത്തലത്തില്‍ പദ്ധിയുമായി മുന്നോട്ട് പോകാന്‍ കഴിയുമോ എന്നതും സര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയാണ്.
മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി കെ റെയില്‍ വിഷയത്തില്‍ നിര്‍ണായകമാവുന്നത്. തുടങ്ങിവച്ചത് അവസാനിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രിയോളം മറ്റ് മന്ത്രിമാരോ പാര്‍ട്ടി നേതൃത്വമോ കെ റെയില്‍ പദ്ധതിക്ക് വേണ്ടി വാദിക്കുന്നില്ല എന്നതും വസ്തുതയാണ്.