തൃശൂര്‍ ജില്ലാ റൈഫിള്‍ ഷൂട്ടിംഗ്: കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ചാമ്പ്യന്‍ഷിപ്പ്
മാള: തൃശ്ശൂര്‍ അക്വാട്ടിക് കോംപ്ലക്‌സില്‍ നടന്ന ജില്ലാ റൈഫിള്‍ ഷൂട്ടിംഗ് മത്സരത്തില്‍ 10 മീറ്റര്‍ ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ സബ് യൂത്ത് പെണ്‍കുട്ടികളുടെ വിഭാഗത്തിലും ആണ്‍കുട്ടികളുടെ വിഭാഗത്തിലും കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഈ മാസം 19, 20, 21 തിയതികളിലായിരുന്നു മല്‍സരം നടന്നത്.
വ്യക്തിഗത മത്സരത്തില്‍ പെണ്‍കുട്ടികളില്‍ പന്തലാഷ സുഭാഷ് സ്വര്‍ണ്ണവും ക്രിസ്റ്റീന കിഷോര്‍ വെള്ളിയും ആന്‍മരിയ മാണി വെങ്കലവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രണവ് കണ്ണന്‍കാട്ടില്‍ സ്വര്‍ണ്ണവും അഭിഷേക പ്രിയന്‍ വെള്ളിയും ആല്‍ബര്‍ട്ട് ജെയിംസ് വെങ്കലവും നേടി.
വിവിധ വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിലെ 37 കുട്ടികള്‍ പങ്കെടുത്തു.
സ്വര്‍ണ്ണം, വെള്ളി, വെങ്കലം അടക്കം ആകെ 28 മെഡലുകള്‍ ഇവര്‍ സ്വന്തമാക്കി. 1988ല്‍ സംസ്ഥാന എന്‍സിസി റൈഫിള്‍ ഷൂട്ടിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ മത്സരത്തില്‍ പങ്കെടുത്ത ഈ വിദ്യാലയത്തിലെ ഗണിതഅധ്യാപിക സരസു ടീച്ചറാണ് റൈഫിള്‍ ഷൂട്ടിംഗിന് നേതൃത്വം നല്‍കുന്നത്.
സംസ്ഥാന സ്‌കൂള്‍ സ്‌പോര്‍ട്‌സില്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരയിനമായി ഉള്‍പ്പെടുത്തിയ 2018ല്‍ തന്നെ കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ട് കുട്ടികള്‍ തൃശൂര്‍ ജില്ലാ അസോസിയേഷന്റെ ഷൂട്ടിംഗ് റേഞ്ചില്‍ പരിശീലനം നേടുകയും ജില്ലാ മത്സരത്തില്‍ പങ്കെടുത്ത ആറുപേര്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സ്‌കൂളിലെ അധ്യാപകരുടെ സഹായസഹകരണത്തോടെ സ്‌കൂളില്‍ ഷൂട്ടിംഗ് റേഞ്ച് സ്ഥാപിച്ച് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ കോച്ചിന്റെ കീഴില്‍ കുട്ടികള്‍ക്ക് പരിശീലന സൗകര്യമൊരുക്കി 2019ല്‍ രണ്ടു കുട്ടികള്‍ സംസ്ഥാനതലത്തില്‍ മത്സരിച്ചു. തുടര്‍ന്ന് രണ്ടുവര്‍ഷം കൊവിഡ് കാരണം പരിശീലനം നടന്നില്ല.
ഈ അധ്യയന വര്‍ഷം മുതല്‍ യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ 66 കുട്ടികള്‍ ഇവിടെ പരിശീലിക്കുന്നുണ്ട്. തൃശൂര്‍ ജില്ലാ മത്സരത്തില്‍ പങ്കെടുത്ത 37 കുട്ടികള്‍ സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും അടക്കം ആകെ 28 മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.