തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം
40 ശതമാനത്തോളം അധികം ആളുകള്‍ പൂരനഗരിയിലേക്ക് എത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റ് 10.40നും 10.55നും ഇടയില്‍ നടക്കും. ഘടകക്ഷേത്രങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി ഏഴര വരെ വിവിധ സമയങ്ങളിലായി കൊടിയേറും.
10നാണ് പൂരം.8നാണ് സാമ്പിള്‍ വെടിക്കെട്ട്. 11ന് ഉപചാരം ചൊല്ലും.പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. പിന്നീട് തിരുവമ്പാടിയിലും കൊടിയേറും. പാറമേക്കാവില്‍ രാവിലെ ഒന്‍പത് മണിക്കും 10.30നും ഇടയിലാണ് കൊടിയേറ്റ്. ഒന്‍പതുമണിക്ക് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ദേശക്കാരാണു താല്‍ക്കാലിക കൊടിമരത്തില്‍ സിംഹമുദ്രയുള്ള കൊടി ഉയര്‍ത്തുക. ക്ഷേത്രമുറ്റത്തെ പാലമരത്തിലും തേക്കിന്‍കാട്ടിലെ മണികണ്ഠനാലിലും കൊടി ഉയര്‍ത്തും.
മഹാമാരി മൂലം ചടങ്ങുകള്‍ മാത്രമായി നടന്നിരുന്ന പൂരം രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് എല്ലാവിധ ചടങ്ങുകളോടും കൂടെ നടക്കാന്‍ പോകുന്നത്. മെയ് 9നാണ് പൂരവിളംബര ചടങ്ങ്.രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ പൂരം കെങ്കേമമാകുമ്പോള്‍ 40 ശതമാനത്തോളം അധികം ആളുകള്‍ പൂരനഗരിയിലേക്ക് എത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളില്‍ ഏകദേശം പത്ത് ലക്ഷത്തോളം പേര്‍ തൃശൂര്‍ പൂരം കൂടാന്‍ എത്തിയിരുന്നു.