തിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ മെയ് 11 മുതല്‍ 14 വരെ നടക്കും. 11ന് വിഖ്യാത ചരിത്രകാരി റൊമീലാ ഥാപ്പര്‍ ഉദ്ഘാടനം ചെയ്യും.തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷനാവും.ഉത്സവത്തില്‍ കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ ആഭിമുഖ്യത്തിലുള്ള ദേശീയ സെമിനാറുകളും, ആകാശവാണിയുടെ കവിസമ്മേളനം, സാഹിത്യ ക്വിസ്, ദ്രുത കവിതാമത്സരം, പുസ്തകോത്സവം എന്നിവക്കുപുറമെ എല്ലാ ദിവസവും കലാപരിപാടികളും നടക്കും.
തുഞ്ചന്‍ സ്മാരക പ്രഭാഷണം, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ നിര്‍വ്വഹിക്കും. പുസ്തകോത്സവം ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് മദനനും കലോത്സവം ഉദ്ഘാടനം ചലച്ചിത്രതാരം ഇന്നസെന്റും നിര്‍വ്വഹിക്കും. ഉച്ചക്ക് ശേഷം ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കവിസമ്മേളനത്തില്‍ പതിമൂന്ന് കവികള്‍ കവിത അവതരിപ്പിക്കും.
മെയ് 12ന് രാവിലെ എഴുത്താണി എഴുന്നെള്ളിപ്പ് നടക്കും. തുടര്‍ന്ന് കേന്ദ്രസാഹിത്യ അക്കാദമിയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്നു നടത്തുന്ന 'സ്വാതന്ത്ര്യാനന്തര ഭാരതീയ സാഹിത്യം' എന്ന ദേശീയ സെമിനാര്‍ സംഘടിപ്പിക്കും.പ്രഭാവര്‍മ്മ, കെ ജയകുമാര്‍, കെ ശ്രീനിവാസറാവു, അനില്‍ വള്ളത്തോള്‍, വിശ്വാസ് പാട്ടീല്‍, മെഡിപ്പള്ളി രവികുമാര്‍, കെ വി സജയ്, അരുണ്‍ കമല്‍, ഒ എല്‍ നാഗഭൂഷണറാവു എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. മൂന്നാം ദിവസം തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ 'സ്വാതന്ത്ര്യസമരവും സ്ത്രീകളും' എന്ന സെമിനാറില്‍ കെ പി മോഹനന്‍, വൈശാഖന്‍, കെ സി നാരായണന്‍, സുനില്‍ പി ഇളയിടം, പി ബി ലാല്‍കര്‍, സുനീത ടി വി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
14ന് 'സമകാലികകേരളവും സ്ത്രീ സ്വത്വാവിഷ്‌കാരങ്ങളും' എന്ന സെമിനാര്‍ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തും. സാറാജോസഫ്, വി എസ് ബിന്ദു, സോണിയ, പി എം ആതിര, ആലങ്കോട് ലീലാകൃഷ്ണന്‍, ഖദീജ മുംതാസ്, ഷംസാദ് ഹുസൈന്‍, കെ മുരളീധരന്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
11 ന് വിദ്യാധരന്‍മാസ്റ്ററും വി ടി മുരളിയും അവതരിപ്പിക്കുന്ന പാട്ടിന്റെ പാലാഴി സംഗീതവിരുന്ന്, 12ന് ഷബീര്‍ അലിയുടെ ഗസല്‍, 13ന് തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം നാടകം, 14ന് രാകേഷ് കെ പിയുടെ ഭരതനാട്യം, മിനി പ്രമോദ് മേനോന്റെ മോഹിനിയാട്ടം എന്നീ കലാപരിപാടികളും സംഘടിപ്പിക്കും.കേരളത്തിലെ പ്രമുഖ പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവം ദ്രുതകവിതാ രചനാമത്സരം, സാഹിത്യക്വിസ്, അക്ഷരശ്ലോകം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടക്കും.