കൊല്ലം: മര്‍ദനത്തെയും പട്ടിണിക്കിട്ടതിനെയും തുടര്‍ന്ന് ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാര (27) മരിച്ച സംഭവത്തില്‍ ഭര്‍ത്തൃപിതാവ് ലാലി(61)നെ പൂയപ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തു. തുഷാരയുടെ മരണത്തില്‍ ലാലിക്കും പങ്കുള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.ലാലിയുടെ മകളും സമീപത്ത് താമസക്കാരിയുമായ ജാന്‍സി(32)ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതായി അറിയുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തുഷാരയെ മര്‍ദിക്കുകയും പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്‌തെന്നാണ് കേസ്. ഭര്‍ത്താവ് ചന്തുലാല്‍ (30), ഭര്‍ത്തൃമാതാവ് ഗീതാലാലി (55) എന്നിവര്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരെയും കോടതിയില്‍നിന്ന് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തെളിവെടുപ്പിനുശേഷം ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ 21നാണ് തുഷാര മരിച്ചത്.